
പാലാ: ആയിരത്താണ്ടുകൾ പഴക്കമുള്ള ഉഴവൂർ തച്ചിലംപ്ലാക്കൽ ചിറ്റേടത്ത് സർപ്പക്കാവിൽ ബാലാലയത്തിലിരിക്കുന്ന സർപ്പങ്ങൾ പത്താമുദയ നാളിൽ നൂറും പാലും നുകർന്നു. സർപ്പക്കാവ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാഗരാജാവ്, നാഗയക്ഷി, നാഗകന്യക തുടങ്ങിയവയെ ബാലാലയത്തിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ നടന്ന നൂറും പാലും സമർപ്പണത്തിന് കിടങ്ങൂർ സജീവ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
ഉഴവൂർ ടൗണിനോട് ചേർന്ന് തച്ചിലംപ്ലാക്കൽ കുന്നിലുള്ള ഈ സർപ്പക്കാവ് കൂറ്റൻ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞതാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ പരദേവതാ സ്ഥാനവുമാണിത്. ആണ്ടിലൊരിക്കൽ മേടപ്പത്തുനാളിലാണ് ഇവിടെ സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നത്.
നാഗരാജാവ്, നാഗയക്ഷി, നാഗകന്യക തുടങ്ങിയ അഞ്ച് സർപ്പദേവതകൾക്കും ഏറ്റുമാനൂർ മഹാദേവനും ഗന്ധർവ്വനും ഇവിടെ വിശേഷാൽ പൂജകൾ ആണ്ടിലൊരിക്കൽ നടന്നുവരുന്നു. സർപ്പങ്ങൾ, ഏറ്റുമാനൂരപ്പൻ, ഗന്ധർവ്വൻ എന്നീ ദേവതകളെല്ലാം ഒന്നിച്ച് വാഴുന്ന പുണ്യസന്നിധി എന്ന നിലയിൽ തച്ചിലംപ്ലാക്കൽ സർപ്പക്കാവിന് സവിശേഷമായ പ്രാധാന്യമാണുള്ളത്. ഇവിടെ നടത്തുന്ന വഴിപാടുകൾക്ക് അച്ചട്ടായ അനുഭവമുണ്ടെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. മേടപ്പത്തിന് നടന്ന സർപ്പപൂജയിലും നൂറുംപാലും സമർപ്പണത്തിലും നിരവധി ഭക്തരാണ് എത്തിയത്.
പുനരുദ്ധാരണ ഭാഗമായി സർപ്പങ്ങൾക്ക് പ്രത്യേകം തറകെട്ടി. ഏറ്റുമാനൂരപ്പന് കോവിലും ഗന്ധർവ്വന് പ്രത്യേക ഇരിപ്പിടവും തീർത്തു. എത്രയുംവേഗം പുനപ്രതിഷ്ഠാ ചടങ്ങുകൾ നടത്തുമെന്ന് തച്ചിലംപ്ലാക്കൽചിറ്റേടത്ത് സർപ്പക്കാവ് പുനരുദ്ധാരണ സമിതി അംഗങ്ങൾ പറഞ്ഞു.
ചടങ്ങുകൾക്ക് പുനരുദ്ധാരണ സമിതി ഭാരവാഹികളായ ടി.കെ. വിജയകുമാർ തച്ചിലംപ്ലാക്കൽ, ജയകുമാർ തച്ചിലംപ്ലാക്കൽ, സോമശേഖരൻ നായർ, എൻ.ജി. ഹരിദാസ്, ശ്രീജ സുനിൽ, ശുഭ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.