കോട്ടയം: പിണ്ണാക്കനാട് മൈലാടി എസ്.എച്ച് കോൺവന്റിലെ സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ട കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതിയായ സതീഷ് ബാബുവിനെ വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എത്സമ്മ ജോസഫാണ് പ്രതി കാസർകോട് മുന്നാട് മെഴുവത്തെട്ടുകൽ സതീഷ് ബാബുവിനെ (35) വെറുതെ വിട്ടത്. പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നിന്ന് റീ പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റർ ജോസ് മരിയയുടെതാണെന്ന് തെളിയിക്കാനും സാധിച്ചില്ല. പ്രതി ഉപയോഗിച്ചെന്ന് പറയുന്ന കമ്പി വടിയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. എഴുപത്തിയഞ്ചുകാരിയായ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇളങ്ങുളം ഇരുപ്പക്കാട്ട് കുടുംബാംഗമായ സിസ്റ്റർ ജോ‌സ്‌ മരിയ 2015 ഏപ്രിൽ 17 നാണ് കൊല്ലപ്പെട്ടത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ലിസ്യൂ മഠത്തിലെ സിസ്റ്റർ അമല കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവലാണ് സതീഷ് ബാബു. മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റർ അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ വേളയിലാണ് സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ വെളിപ്പെടുത്തിയത്.

കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു. 22 പേരും പ്രോസിക്യൂഷനു അനുകൂലമായി മൊഴി നൽകിയിരുന്നു. പ്രതിക്കുവേണ്ടി ഷെൽജി തോമസ്, ലീന ജോർജ് എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഗിരിജ ബിജുവും ഹാജരായി.

സതീഷ് ബാബുവിനെതിരെ പാലാ ഡിവൈ.എസ്.പി ഓഫീസിനു കീഴിൽ 24 കേസുകളാണ് ചാർജ് ചെയ്തിരുന്നത്. ഇതിൽ സിസ്റ്റർ അമലയുടെ കൊലപാതക കേസിലും ഭരണങ്ങാനം മഠത്തിലെ മോഷണ കേസിലും മാത്രമാണ് ശിക്ഷ ലഭിച്ചത്. മറ്റു കേസുകളിൽ വെറുതെ വിട്ടു.