school

നെയ്യശ്ശേരി: അരനൂറ്റാണ്ടിന് ശേഷം നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ കൂട്ടുകാർ ഒത്തു ചേർന്നത് വേറിട്ട അനുഭവമായി. 1974ലെ എസ്.എസ്.എൽ.സി ബാച്ചാണ് ഗോൾഡൺ ജൂബിലി റീ യൂണിയൻ സംഘടിപ്പിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ നോബിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോയൽ ജോയ് അനുഗ്രഹ പ്രഭാഷണം നടത്തി. അദ്ധ്യാപകരായിരുന്ന കെ.ടി. വർക്കി, സിസ്റ്റർ എമരൻസിയ, കെ.വി. മേരി എന്നിവർ പ്രസംഗിച്ചു. സഹപാഠികളിൽ നിന്ന് മാദ്ധ്യമ പ്രവർത്തകൻ സെബാസറ്റ്യൻ ജോസഫ് പൂച്ചാലിൽ, കേരള കാർഷിക സർവകലാശാലയിൽ ദീർഘകാലം അസോസിയേറ്റ് പ്രൊഫസറായിരുന്ന ജോർജ്ജ് മാത്യു തോട്ടത്തിമ്യാലിൽ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. വേർപിരിഞ്ഞു പോയ അദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. പഴയ ക്ലാസ് മുറിയിൽ ഒരിക്കൽകൂടി പോയി സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ചു. നാട്ടിലും വിദേശത്തുമായി ഉണ്ടായിരുന്ന മുൻകാല സുഹൃത്തുക്കൾ ഒത്തുചേർന്നത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ഇവർ പറഞ്ഞു. വരും വർഷങ്ങളിലും ഒത്തുചേരണമെന്ന് ആശംസിച്ചു കൊണ്ടാണ് ഗോൾഡൺ ജൂബിലി സംഗമം സമാപിച്ചത്. സി.സി. ചെറിയാൻ, ടി.എ. എബ്രാഹം, എ.ജെ. വർക്കി തുടങ്ങിയവർ നേതൃത്വം നൽകി.