ldf

കോട്ടയം: കാലാവസ്ഥ അനുകൂലമായി. ജനാരവമുയർത്തിയ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണത്തിന് പരിസമാപ്തി. രണ്ട് മാസത്തിലേറെ നീണ്ട പ്രചാരണ പ്രവർത്തനം അവസാനിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ മൂന്ന് മുന്നണികളും നഗരത്തിൽ കൊട്ടിക്കലാശം ആവേശക്കടലാക്കി.

ഇന്നലെ രാവിലെ മുതൽ ജില്ലയിലെ പ്രധാനനഗരങ്ങളിലും കവലകളിലും വിവിധ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. ഗ്രാമനഗര വ്യത്യാസമില്ലാതെ ജില്ലയിലെമ്പാടും തിരഞ്ഞെടുപ്പിന്റെ ലഹരിയിലായിരുന്നു പ്രവർത്തകർ. നിശബ്ദപ്രചാരണവും തീരുന്നതോടെ നാളെ രാവിലെ മുതൽ വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും. റോഡ് ഷോകളുമായി സ്ഥാനാർത്ഥികൾ രാവിലെ മുതൽ സജീവമായിരുന്നു.

മൂന്ന് മുന്നണികളും വിവിധ കേന്ദ്രങ്ങളിൽ അണിനിരന്നതോടെ ജില്ലയിലെമ്പാടും ഇന്നലെ കൊട്ടികലാശം ഉത്സവമായി. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ കോട്ടയം നഗരത്തിൽ കേന്ദ്രീകരിച്ചു കലാശക്കൊട്ടിന്റെ വർണപ്പൊലിമയിൽ നിറഞ്ഞു.

തിരുനക്കര ഗാന്ധിസ്ക്വയറിൽ ചാഴികാടനും ഫ്രാൻസിസ് ജോർജും മുഖാമുഖം നിന്ന് ആവേശത്തോടെ വോട്ട് തേടി. തുഷാർ വെള്ളാപ്പള്ളി തിരുനക്കര മൈതാനത്ത് ഡി.ജെ പാട്ടിന്റെ അകമ്പടിയിലാണ് കൊട്ടിക്കലാശം വർണാഭമാക്കിയത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇനിയുള്ള മണിക്കൂറുകൾ. നിശബ്ദ പ്രചാരണമാണ് വോട്ടുകൾ സ്ഥാനാർത്ഥികൾക്ക് അനുകൂലമാക്കുന്നത്.

ഫ്രാൻസിസ് ജോർജ്

'' യു.ഡി.എഫിന്റെ കോട്ടയാണ് കോട്ടയം. ഇക്കുറിയും കലുങ്ങാതെ നിൽക്കും. ഉമ്മൻചാണ്ടിയുടെ നാട്ടിൽ യു.ഡി.എഫ് ഉജ്വലവിജയം നേടും. ചിഹ്നമായ ഓട്ടോറിക്ഷ വോട്ടർമാരുടെ മനസിൽ പതിഞ്ഞു കഴിഞ്ഞു

ചാഴികാടൻ

'' പതിറ്റാണ്ടുകളായി രണ്ടിലയ്ക്ക് വോട്ട് ചെയ്ത് ശീലിച്ചവരാണ് കോട്ടയംകാർ. ഇക്കുറിയും കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ രണ്ടില വിരിയും. ബാലറ്റിൽ ഒന്നാമതെന്നതും അനുകൂലഘടകമാണ്

 തുഷാർ വെള്ളാപ്പള്ളി

കോട്ടയം മാറി ചിന്തിക്കും. മോഡിയുടെ വികസനത്തിന് കോട്ടയവും കൂടെ നിൽക്കും