kuzhi

മുണ്ടക്കയം: കോരുത്തോട് കുഴിമാവ് റോഡിൽ കലുങ്കിനു സമീപം റോഡ് ഇടിഞ്ഞു. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. പ്രധാന ശബരിമല പാതയിലാണ് ഈ അപകടക്കെണി. ശക്തമായ മഴയെ തുടർന്ന് റോഡരികിൽ നിന്നിരുന്ന മരം നിലം പതിച്ചതോടെയാണ് കോരുത്തോടിനും കുഴിമാവിനും ഇടയിൽ അപകടസാദ്ധ്യത നിറഞ്ഞ വളവിൽ പുതിയ കുഴി രൂപപ്പെട്ടത്. റോഡിൽ നിന്നും അഴുതയാറ്റിലേക്ക് ഒഴുകുന്ന കാനയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. മറുവശത്ത് വാഹനം ഇടിച്ച് കലുങ്കിന്റെ സംരക്ഷണഭിത്തിയും തകർന്നു.

കഴിഞ്ഞ ശബരിമല സീസണിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ടയറുകൾ കുഴിയിലേക്ക് പതിച്ചിരുന്നു. കാർ നിയന്ത്രണം വിട്ട് കലുങ്കിന്റെ സംരക്ഷണഭിത്തിയും ഇടിച്ചു കളഞ്ഞു. എല്ലാ മലയാള മാസത്തിലെ ഒന്നാം തീയതിയോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലും ഈ റോഡിൽ ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കും. അതുകൊണ്ടുതന്നെ ഇനിയും വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപേ കലുങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ആവശ്യം.