pola

തിരുവാർപ്പ് : പോളശല്യം അതിരൂക്ഷമായി തുടരുന്നത് കാരണം വോട്ട് ചെയ്യാൻ പോകുന്നതിന് യാതൊരു മാർഗവുമില്ലെന്ന് നാട്ടുകാർ. തിരുവാർപ്പ് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വെട്ടിക്കാട്ട് ഭാഗത്ത് താമസിക്കുന്ന ആളുകൾക്കാണ് പോള തിങ്ങി നിറഞ്ഞ തോട്ടിലൂടെ മറുകര കടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. കോട്ടയം ആലപ്പുഴ ബോട്ട് സർവീസ് കനാലായ പുത്തൻ തോട്ടിലാണ് രൂക്ഷമായ പോള ശല്യം ജനജീവിതത്തെ ബാധിച്ചത്. പോളയിൽ കുടുങ്ങിയ സർവീസ് ബോട്ടിലെ യാത്രക്കാരെ മണിക്കൂറുകളുടെ ശ്രമഫലമായി കരയ്ക്കെത്തിച്ച സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. സാധാരണ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തിക്കഴിഞ്ഞാലുണ്ടാകുന്ന ശക്തമായ വേലിയേറ്റ ഇറക്കങ്ങളുടെ ഫലമായി പോള ഒഴുകി മാറുകയും ഉപ്പുവെള്ളം കയറി വരുന്നതോടെ ഇവയൊക്കെ നശിച്ചു പോവുകയുമാണ് ഉണ്ടാകാറ്. എന്നാൽ ഇത്തവണ ബണ്ട് ഉയർത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും തോട്ടിലെ ഒഴുക്ക് ശക്തി പ്രാപിച്ചിട്ടില്ല. മാത്രവുമല്ല ഇടയ്ക്കിടെ വേനൽ മഴ ലഭിക്കുന്നതിനാൽ ശുദ്ധജലത്തിന്റെ ഒഴുക്ക് ഉപ്പുവെള്ളത്തിന്റെ കയറ്റത്തെ തടയുന്നുമുണ്ട്. പോളയുടെ കട്ടി കൂടിയും കുറഞ്ഞും നിൽക്കുന്നതല്ലാതെ തെളിനീരൊഴുകുന്ന തോട് കണ്ടിട്ട് കാലങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. പരിഹാരത്തിനായി ജനപ്രതിനിധികളെ സമീപിക്കുന്നുണ്ടെങ്കിലും പോള ദുരിതത്തിന് ശമനമില്ല. സ്ഥിതി ഇങ്ങിനെ തുടർന്നാൽ പോള ശല്യത്തിന് ശമനമുണ്ടാകാൻ വരുന്ന കാലവർഷം വരെ കാത്തിരിക്കേണ്ട അവസ്ഥ വരും.