കോട്ടയം: തിരിഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കുമ്പോഴും പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥികൾ. വീടുകൾ സന്ദർശിച്ചും ആരാധനാലയങ്ങളിലെത്തി തൊഴുതും അവസാനലാപ്പിൽ നിശബ്ദപ്രചാരണം സജീവമാക്കി. വോട്ടിടാനുള്ള നിമിഷങ്ങൾ അടുക്കുമ്പോൾ മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിലാണ്.
സ്ളിപ് വിതരണത്തിൽ പങ്കാളിയായി ചാഴികാടൻ
രാവിലെ മുതൽ പ്രചാരണ പ്രവർത്തനങ്ങളുടെ അവലോകനത്തിലും ചർച്ചകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ സജീവമായിരുന്നു. തുടർന്ന് വ്യക്തിപരമായ സന്ദർശനങ്ങളും സ്ഥാനാർത്ഥി നടത്തി.സാമുദായിക നേതൃത്വങ്ങളെയും ആരാധനാലയങ്ങളും സന്ദർശിച്ചു. കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ ബൂത്ത് സ്‌ക്വാഡുകൾക്ക് ഒപ്പം വീടുകളിൽ സ്ലിപ്പ് വിതരണത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. വൈകിട്ട് ചില ബൂത്തുകളിൽ സ്ഥാനാർത്ഥി നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. മറ്റ് മണ്ഡലങ്ങളിലെ ചുമതലക്കാരുമായി ഫോണിലും സ്ഥാനാർത്ഥി ചർച്ച നടത്തി.
ഓട്ടപ്പാച്ചിലിൽ ഫ്രാൻസിസ്
മണ്ഡലം നിറഞ്ഞുള്ള ഓട്ടപ്പാച്ചിലിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. മത മേലദ്ധ്യക്ഷൻമാരെക്കണ്ടും പ്രവർത്തകരോട് സംവദിച്ചും അവസാനവട്ട വോട്ടുറപ്പിച്ചു. പരമാവധി ആളുകളെ വോട്ട് ചെയ്യിക്കാനുള്ള അവസാനവട്ട നിർദേശങ്ങളും നൽകി. മുന്നണി നേതാക്കളുമായി രാത്രി ഏറെ വൈകിയും ചർച്ചകളിൽ പങ്കെടുത്തു.
സജീവമായി തുഷാർ
രാവിലെ വ്യക്തിപരമായി ആളുകളെ കണ്ടും വോട്ടുറപ്പിച്ചും തുഷാർ മണ്ഡലത്തിൽ സജീവമായി. പിന്നീട് പാലാ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടുചോദിച്ചു. പ്രവർത്തകരുമായി ചേർന്ന് സ്ഥിതി വിലയിരുത്തി. രാത്രി ഏറെ വൈകി കണിച്ചുകുളരങ്ങിയിലേയ്ക്ക് പുറപ്പെട്ട തുഷാർ വോട്ടു ചെയ്ത ശേഷം രാവിലെ തിരികെ മണ്ഡലത്തിൽ സജീവമാകും.