പാലാ: എന്തൊരു തോന്ന്യാസമാണ്. ഇവിടെ എങ്ങനെ ബസ് കാത്തുനിൽക്കും. ഭയന്നോടേണ്ട അവസ്ഥയാണ്. ഈ സാമൂഹ്യവിരുദ്ധരെ ആര് നിയന്ത്രിക്കും. പാലാ ടൗൺ ബസ് സ്റ്റാന്റിലെ അക്രമസംഭവങ്ങൾ അതിരിടുവിടുകയാണ്... സ്റ്റാൻഡിൽ വിലസുന്ന സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. നിയമപാലകർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായത് അവർക്ക് സഹായമായി. കഴിഞ്ഞദിവസം ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയിരുന്നു. ലോട്ടറി വില്പനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് ടൗൺ ബസ് സ്റ്റാന്റിൽ രണ്ട് കൂട്ടർ തമ്മിലുണ്ടായ സംഘട്ടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
അസഭ്യവർഷം, ഒപ്പം മോഷണവും
ടൗൺ ബസ് സ്റ്റാന്റിലും പരിസരപ്രദേശങ്ങളിലുമായി ഒരുവിഭാഗം സമൂഹ്യവിരുദ്ധർ തമ്പടിക്കുകയാണെന്നാണ് ആക്ഷേപം. മോഷണവും അനാശാസ്യ പ്രവർത്തനങ്ങളും സ്റ്റാന്റിൽ പതിവാണ്.ടൗൺ ബസ് സ്റ്റാന്റിൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സാമൂഹ്യവിരുദ്ധർ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ പോലും യാത്രക്കാർ സുരക്ഷിതരല്ല എന്നതാണ് അവസ്ഥ.
അമർച്ച ചെയ്യണം
ടൗൺ ബസ് സ്റ്റാന്റിലെ സാമൂഹ്യവിരുദ്ധരെ അടിച്ചമർത്താൻ പൊലീസ് തയാറാകണമെന്ന് പാലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പോത്തൻ അദ്ധ്യക്ഷത വഹിച്ചു.