തലയോലപ്പറമ്പ്: നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട വൈക്കം മുണ്ടാറിലെ പോളിംഗ് ബൂത്തിൽ കരിയാർ കടന്ന് വോട്ടിംഗ് മെഷീനടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഇത്തവണ ഉദ്യോഗസ്ഥരെത്തിയത് ഹൗസ് ബോട്ടിൽ. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ തലയോലപ്പറമ്പ് കോരിക്കലിലെ മനയ്ക്കച്ചിറ തോണിക്കടവിൽ നിന്നും ഉദ്യോഗസ്ഥർ അഞ്ചു മിനിട്ട് ഹൗസ് ബോട്ടിൽ സഞ്ചരിച്ച് മറുകരയായ പാറേൽ കോളനിയ്ക്ക് സമീപമിറങ്ങി കാൽനടയായാണ് 200 മീറ്റർ അകലെയുള്ള ബൂത്തിലെത്തയത്. മുൻകാലങ്ങളിൽ വള്ളങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുണ്ടാറിൽ വന്നുപോയിരുന്നത്. കല്ലറ പഞ്ചായത്ത് ഒന്നാം വാർഡായ മുണ്ടാറിലെ 48ാം നമ്പർ അങ്കണവാടിയിൽ പ്രവർത്തിക്കുന്ന 137ാം നമ്പർ ബൂത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുമായാണ് ഉദ്യോഗസ്ഥർ ഹൗസ് ബോട്ടിൽ കരിയാർ കടന്നെത്തിയത്. പ്രിസൈഡിങ് ഓഫീസർ മെൽബിൻ ജോർജ്. ഉദ്യോഗസ്ഥരായ ജിഷ ടി.ജോർജ്, ബ്ലസി എസ്.മരിയ, അനീഷ് ജോർജ്, സുരക്ഷാ ഉദ്യോഗസ്ഥനായ എസ്.സി.പി.ഒ ടി.എസ്.ശ്രീജിത്ത്, എൻ.എസ്.എസ്. വോളന്റിയർ അർച്ചന ജി.നായർ എന്നിവരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. 968 വോട്ടർമാരാണ് ഇവിടെയുള്ളത്. ഉദ്യോഗസ്ഥർ തിരികെപോകുന്നതും ഹൗസ് ബോട്ടിൽ തന്നെ.