
ചങ്ങനാശേരി : അറുപതുകളുടെ തുടക്കത്തിലാണ് ചങ്ങനാശേരി സബ് പോസ്‌റ്റോഫീസ് നിലവിൽ വരുന്നത്. മാർക്കറ്റ് റോഡിൽ നിന്നും എം.സി റോഡിലേക്ക് എത്തുന്ന ചെറിയ ഇടവഴിയിലാണ് അന്ന് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 1980ൽ ഇപ്പോഴത്തെ ഹെഡ്‌പോസ്‌റ്റോഫീസിന്റെ ആദ്യകെട്ടിടം പണികഴിച്ചു. ഹോട്ടൽ വിലയ്ക്കുവാങ്ങിയാണ് ഹെഡ്‌പോസ്‌റ്റോഫീസിനായി അന്ന് സ്ഥലം കണ്ടെത്തിയത്. പിന്നീട് കെട്ടിടത്തിനോട് പല കൂട്ടിച്ചേർക്കലുകളും വരുത്തിയാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് എത്തിയത്. പഴമയും പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി പഴയ അഞ്ചൽപെട്ടി മുഖവാരത്ത് സ്ഥാപിച്ചിരിക്കുന്നു. പുറം കാഴ്ചയ്ക്കപ്പുറം കെട്ടിടത്തിന് യാതൊരു മെയിന്റനൻസും നടത്തിയിട്ടില്ല. ഉൾഭാഗത്തെ പഴയകെട്ടിടത്തിന്റെ ചുവരുകൾ അടർന്നു വീഴാറായ നിലയിലാണ്. മറ്റു സ്ഥലങ്ങളിലെ പോസ്‌റ്റോഫീസുകൾ ആധുനിക രീതിയിലേക്ക് രൂപമാറ്റം വരുത്തിയിട്ടും 50 വയസിലേക്ക് അടുക്കുന്ന ചങ്ങനാശേരി ഹെഡ്‌പോസ്‌റ്റോഫീസിന് കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. സ്ഥലപരിമിതിയാണ് കാരണമായി പറയുന്നത്. നഗരസഭാ കാര്യാലയത്തിനു മുൻപിലായി എം.സി റോഡിനോട് ചേർന്ന ഭാഗത്ത് ഹെഡ്‌പോസ്‌റ്റോഫീസിന്റെ മതിലുകൾ ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വശങ്ങളിൽ പുല്ല് വളർന്നു കാട് പിടിച്ച നിലയിലും.
കൗതുകമായി അഞ്ചൽപ്പെട്ടി
ചങ്ങനാശേരി ഹെഡ്‌പോസ്റ്റോഫീസിന്റെ മുഖവാരത്ത് സ്ഥാപിച്ചിരിക്കുന്ന അഞ്ചൽപ്പെട്ടി ഉപഭോക്താക്കളിൽ ചരിത്രവും കൗതുകം നിറയ്ക്കുന്നവയുമാണ്.
കത്തിടപാടുകൾക്കായി ഇന്നത്തെ തപാൽപെട്ടികളുടെ സ്ഥാനത്ത്, തിരുവിതാംകൂറിൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിയാണ് അഞ്ചൽപെട്ടി. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കിൽ തീർത്ത അഞ്ചൽപെട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇതിനുമുകളിലായി തിരുവിതാംകൂറിന്റെ രാജമുദ്ര ആയ ശംഖ് സ്ഥാപിച്ചിട്ടുണ്ട്. കൊട്ടാരംകോപ്പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങളും കൊണ്ടു പോകാനുദ്ദേശിച്ചാരംഭിച്ച അഞ്ചൽ വകുപ്പിന്റെ പ്രാദേശിക സംഭരണികളായിരുന്നു ഈ അഞ്ചൽപ്പെട്ടി. എച്ച് ആൻഡ് സി കമ്പനിയാണ് ഇവ ദീർഘകാലമായി നിർമ്മിച്ചിരുന്നത്.
അഞ്ചലോട്ടക്കാരൻ
തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരൻ, അഞ്ചൽപ്പിള്ള, അഞ്ചൽശിപായി എന്നീ പേരുകളിലാണു വിളിച്ചിരുന്നത്. പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. രാജമുദ്ര ഉള്ള മണികെട്ടിയ അധികാര ദണ്ഡുമായി തപാൽ സാമഗ്രികൾ കാൽനടയായി കൊണ്ടുപോകുന്ന പതിവായിരുന്നു അക്കാലത്തു നിലവിലിരുന്നത്.
അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നത്.