കോട്ടയം: പോളശല്യം രൂക്ഷമായ തിരുവാർപ്പ്, അയ്മനം,കുമരകം, ആർപ്പൂക്കര പഞ്ചായത്തുകളിലായി നിരവധി വോട്ടർമാർ വോട്ട് ചെയ്തില്ല. തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും പോളശല്യം മാറാത്തത് പടിഞ്ഞാറൻ മേഖലയ്ക്ക് തിരച്ചടിയായി. വോട്ടു ചെയ്യാൻ വന്നവർക്ക് കിലോമീറ്ററുകൾ ചുറ്റേണ്ടിയും വന്നു.
മീനച്ചിലാറിന്റെ കൈവഴികളും ഇടത്തോടുകളുമെല്ലാം പൂർണമായി പോളയിൽ മുങ്ങിയിരിക്കുകയാണ്. ജലഗതാഗതവകുപ്പിന്റെ കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പോള ശല്യത്താൽ നിർത്തിവച്ചതും വോട്ടർമാർക്ക് തിരിച്ചടിയായി. ചെറുബോട്ടുകൾ ഒന്നും സർവീസ് നടത്തുന്നില്ല. ചെറിയ എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങൾ ഏതാനും മീറ്ററുകൾ സഞ്ചരിക്കുമ്പോൾ യന്ത്രത്തിൽ പോള കുടുങ്ങി യാത്ര മുടങ്ങും. പോള മാറ്റി യാത്ര തുടരാൻ ഏറെ സമയം വേണ്ടി വരും. കനത്തചൂടിൽ വളത്തിൽ ഇരുന്ന് ക്ഷീണിതരായാണ് പലരും ബൂത്തുകളിലെത്തിയത്.
പടിഞ്ഞാറൻ പഞ്ചായത്തുകളിലെ ജലഗതാഗതത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളിലെ വോട്ടർമാർ പലരും ഇതോടെ വോട്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടിപ്രതിനിധികളോ ഈ മേഖലയിലെ വീടുകളിലേക്കു തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. ബണ്ട് തുറന്നതിനെ തുടർന്നു കായൽപ്രദേശത്തെ പോള മാത്രം ഉപ്പുവെള്ളം കയറി നശിക്കുന്നുണ്ട്.