waste

അമ്പാറനിരപ്പേൽ: തിടനാട് ഗ്രാമപഞ്ചായത്തിന്റെ ഭരണാധികാരികളെ നിങ്ങളൊന്ന് കണ്ണുതുറന്ന് കാണണം. അമ്പാറനിരപ്പേൽ ലിങ്ക് റോഡ് സൈഡിൽ ഹരിതകർമ്മസേന മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഇതുവഴി പോകുന്നവരെല്ലാം ഈ കാഴ്ച കണ്ട് മൂക്കത്ത് വിരൽ വയ്ക്കും. എന്നിട്ടും അധികാരികൾക്ക് നാണമില്ലെന്ന് വന്നാലോ. എത്രയും വേഗം ഈ മാലിന്യകൂമ്പാരം ഇവിടെ നിന്ന് മാറ്റിയേപറ്റൂ.

തിടനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽപ്പെട്ട അമ്പാറനിരപ്പേൽ പള്ളി, സ്‌കൂൾ, പോസ്റ്റ് ഓഫീസ് എന്നീ പൊതു സ്ഥാപനങ്ങളിലേയ്ക്ക് എളുപ്പ മാർഗത്തിൽ സഞ്ചരിക്കാവുന്ന ലിങ്ക് റോഡ് സൈഡിലാണ് ഹരിത കർമ്മസേന പ്ലാസ്റ്റിക് ചാക്കുകളിൽ ശേഖരിച്ചിരിക്കുന്ന മാലിന്യ കുമ്പാരമുള്ളത്.

പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വയ്ക്കുവാനായി തയ്യാറാക്കിയ ഇരുമ്പ്ഗ്രിൽ കൊണ്ട് നിർമ്മിച്ച കൂട് നിറഞ്ഞതിനു ശേഷം പിന്നീട് ശേഖരിച്ച ടൺ കണക്കിന് മാലിന്യങ്ങളാണ് റോഡ് സൈഡിൽ കൂനകൂട്ടിയിരിക്കുന്നത്.

വേനൽ മഴ പെയ്‌തതോടെ ചാക്കുകൾ നനഞ്ഞ് ഈ ഭാഗങ്ങളിൽ ദുർഗന്ധവും പരക്കുകയാണ്. ഈ ഭാഗത്തെ ജനങ്ങളും ഇതുവഴിയുള്ള യാത്രക്കാരും പലതവണ പരാതി നൽകിയെങ്കിലും ഈ മാലിന്യ കൂമ്പാരം ഒന്നു നീക്കാൻ പഞ്ചായത്ത് അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണാക്ഷേപം. സ്‌കൂൾ തുറക്കുന്നതിന് മുമ്പെങ്കിലും മാലിന്യം നീക്കിയേ തീരുവെന്ന നിലപാടിലാണ് പൊതുജനം.

മാലിന്യം നീക്കിയില്ലെങ്കിൽ ഓംബുഡ്‌സ്മാന് പരാതി നൽകും

അമ്പാറനിരപ്പേൽ റോഡ് വക്കിലെ മാലിന്യം എത്രയുംവേഗം നീക്കാൻ തിടനാട് പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഓംബുഡ്‌സ്മാന് ചിത്രം സഹിതം പരാതി നൽകുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ മുന്നറിയിപ്പ് നൽകി.


സുനിൽ പാലാ