ചങ്ങനാശേരി: കൂട്ടുമ്മേൽ കുടുംബയോഗത്തിന്റെ 12-ാമത് വാർഷിക ആഘോഷവും, മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണവും നാളെ രാവിലെ 9.30 മുതൽ ചങ്ങനാശേരി സീനിയർ സിറ്റിസൺ ഹാളിൽ വിപുലമായ പരിപാടികളോടെ നടത്തും. ആഘോഷ പരിപാടികൾ കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി കൈവല്യാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കുടുംബയോഗം പ്രസിഡന്റ് കെ.എം.മഹാൻ അദ്ധ്യക്ഷത വഹിക്കും. എസ്.ബി. കോളേജ് റിട്ട. പ്രൊഫ. ഡോ. പി. ആന്റണി കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് ആശാൻ കവിതകളുടെ ആലാപനം നടത്തും. കുമാരനാശാന്റെ 'കുട്ടിയും തള്ളയും' എന്ന കവിതയുടെ ദൃശ്യാവിഷ്‌കരം വീണ വിജയനും, ദേവി സുനിലും അവതരിപ്പിക്കും. 11.30 ന് 'കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ സംബന്ധിച്ചു പ്രമുഖ ഫാമിലി കൗൺസിലറും, സൈക്കോളജിസ്റ്റുമായ ഗ്രേസ് ലാൽ ക്ലാസ് നയിക്കും. ഉച്ചയ്ക്കുശേഷം കുടുംബാംഗങ്ങളുടെ കലാമേളയാണ്. കരോക്ക ഗാനമേള, ഡാൻസ് തുടങ്ങി കലാപരിപാടികൾ ഉണ്ടായിരിക്കും. വൈകിട്ട് നാലു മണിക്ക് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. പരിപാടികൾക്ക് സെക്രട്ടറി സജീവ് കൂട്ടുമ്മേൽ, വൈസ് പ്രസിഡന്റ് രാജു രാഘവൻ, ട്രഷറർ റോബിൻ പണിക്കർ എന്നിവർ നേതൃത്വം നൽകും.