paalammm

കോരുത്തോട്: 2018 ഓഗസ്റ്റ് 15-ന് ഉണ്ടായ കനത്ത പ്രളയത്തിലാണ് കോരുത്തോട്-പെരുവന്താനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോപ്പിൽകടവ് പാലം പൂർണമായും ഒലിച്ചുപോയത്. പ്രദേശവാസികൾ മുൻകൈയെടുത്ത് നിർമ്മിച്ച പാലമായിരുന്നു. ആദിവാസി വിഭാഗമായ മലയരയ സമുദായ അംഗങ്ങളായ 240 കുടുംബങ്ങൾ മൂഴിക്കൽ കുറ്റിക്കയം പ്രദേശത്തുനിന്ന് പുറംലോകത്തേക്ക് യാത്രചെയ്യുന്ന പ്രധാന പാലമായിരുന്നു ഇത്. മൂഴിക്കൽ കോസ് വേയും ആനക്കല്ല് അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള തടിത്തോട് പാലവും ആണ് ഇവിടേക്കുള്ള മറ്റു വഴികൾ. ഇതുവഴി യാത്രചെയ്യണമെങ്കിൽ മൂന്നു മുതൽ ആറ് കിലോമീറ്റർ വരെ അധിക യാത്രചെയ്യണം. കനത്ത മഴപെയ്താൽ പുറംലോകവുമായി ബന്ധപ്പെടുവാൻ യാതൊരു വഴിയും ഇല്ലാതെ വന്നതോടെ ദുരിതത്തിലാണ് പ്രദേശവാസികൾ. പാലം തകർന്നു ആറുവർഷം പിന്നിട്ടിട്ടും ബജറ്റിൽ ഏഴ് കോടി 65 ലക്ഷം രൂപ പാലത്തിനും അപ്രോച്ച് റോഡിനുമായി പീരുമേട് എം.എൽ.എ. വാഴൂർ സോമൻ അനുവദിച്ചതുമാത്രമാണ് ഇപ്പോൾ പറയാൻ ആയിട്ടുള്ളത്. എന്നാൽ അതിന്റെ നടപടികളും ഇഴഞ്ഞ് നീങ്ങുകയാണ്. രാത്രി ആശുപത്രിയിൽ പോകേണ്ട ആവശ്യം വരുമ്പോഴാണ് പാലം ഇല്ലാത്തത് ഇവിടുത്തെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ പ്രദേശമാണ് ഇവിടം. ആന, പുലി, കാട്ടുപോത്ത്, കാട്ടുപന്നി, മലയണ്ണാൻ, കുരങ്ങ്‌ എന്നിങ്ങനെയുള്ള മൃഗങ്ങൾ സ്ഥിരമായി നാട്ടിലിറങ്ങുന്നത് ശാശ്വതമായി തടയുവാൻ അധികൃതർ ഒരു നടപടിയും എടുക്കാത്തത് ഏറെ ദുരിതമാണ് ഇവർക്ക് സമ്മാനിക്കുന്നത്.