
വൈക്കം: തലയാഴം പഞ്ചായത്തിലെ വാക്കേത്തറ ചെട്ടിക്കരി ഏഴാം ബ്ലോക്ക് റോഡ് തകർന്ന് യാത്ര ദുരിതപൂർണ്ണമായി. മെറ്റൽ വിരിച്ച് മീതെ പൂഴി നിറച്ച് ബലപ്പെടുത്തിയിരുന്ന റോഡ് പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് മണ്ണൊലിച്ചുപോയി കല്ലുകൾ തെളിഞ്ഞ നിലയിലായതാണ്. വലിയ കുഴികൾ രൂപ്പെട്ട റോഡിലൂടെ കാൽനട പോലും ഇപ്പോൾ ദുഷ്കരമായി. ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള വീതികുറഞ്ഞ റോഡിലൂടെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചാൽ ഓട്ടോറിക്ഷകൾ പോലും വരാത്ത സ്ഥിതിയാണ്. വാക്കേത്തറയിൽ നിന്ന് മുണ്ടാറിലേക്ക് പോകുന്നവരും ഉപയോഗിക്കുന്ന ഈ റോഡ് 65ഓളം കുടുംബങ്ങളുടെ യാത്രാമാർഗമാണ്. പൂർണമായി തകർന്ന റോഡിന്റെ മദ്ധ്യഭാഗത്ത് 100 മീറ്ററോളം ദൂരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളായി അറ്റകുറ്റ പണി നടക്കാത്ത റോഡിൽ ആകെ നടന്ന നിർമ്മാണ പ്രവർത്തനമാണ് ഈ കോൺക്രീറ്റിംഗ്. മഴ കനത്തു പെയ്താൽ റോഡ് ചെളിക്കുളമായി മാറും. ചെളിവെള്ളം നിറഞ്ഞ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.