
കോട്ടയം: കാത്തിരിക്കേണ്ടത് 36 ദിവസം, പോളിംഗ് ശതമാനത്തിലെ കുറവിൽ തലപുകയ്ക്കുകയാണ് മുന്നണികൾ. ഒന്നരപ്പതിറ്റാണ്ടിനിടെ ഇതാദ്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന് ഒരുമാസത്തോളം ഫലത്തിനായി കാത്തിരിക്കേണ്ടിവരുന്നത്. പരിക്കില്ലാതെ രക്ഷപ്പെടുമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കരുതുന്നത്. എന്നാൽ കോട്ടയത്തെ സവിശേഷ സാഹചര്യത്തിൽ ആര് ജയിച്ചാലും പരമാവധി 15,000 വോട്ടിന് മുകളിലേയ്ക്ക് ഭൂരിപക്ഷം ഉയരില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും മുന്നണി നേതൃത്വങ്ങളിൽ നെരിപ്പോട് പുകയാൻ കാരണങ്ങൾ പലതാണ്. പ്രതീക്ഷിച്ച രീതിയിൽ വോട്ടിംഗ് പാറ്റേൺ എന്ന് ഉറപ്പിച്ചുപറയാൻ ആർക്കും കഴിയുന്നില്ല. പരസ്പരം കാലുവാരൽ ആക്ഷേപവും ഉയരുന്നുണ്ട്.
മുന്നണികൾ പറയുന്നു
പോളിംഗ് ശതമാനത്തിലെ വ്യത്യാസം വിജയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് യു.ഡു.എഫ് നേതാക്കൾ പറയുന്നത്. എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം കൂടും. തുഷാർ നേടുന്ന വോട്ടുകൾ എൽ.ഡി.എഫിന്റെ അടിത്തറ ഇളക്കുമെന്നും കണക്കുകൂട്ടുന്നു.
അതേസമയം തങ്ങളുടെ മുഴുവൻ വോട്ടുകളും പെട്ടിയിലായതായി എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു. യു.ഡി.എഫിന് സ്വാധീനമുള്ല മേഖലകളിലാണ് വോട്ട് കുറഞ്ഞത്. പ്രവാസികളിൽ ഏറെ യു.ഡി.എഫ് വോട്ടുകളാണ്. രണ്ടില ചിഹ്നവും ബാലറ്റിൽ ഒന്നാമതായതും ഏറെ ഗുണകരമായി. 10,000 വോട്ടുവരെ ഭൂരിപക്ഷം കിട്ടാമെന്നാണ് പ്രതീക്ഷ.
അതേസമയം പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടെ വോട്ടിംഗ് ശതമാനത്തിലുണ്ടായ വ്യത്യാസമാണ് എൻ.ഡി.എയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. കോട്ടയം, ഏറ്റുമാനൂർ, വൈക്കം നിയോജകമണ്ഡലങ്ങളുടെ പടിഞ്ഞാറൻ മേഖലകളിലെ ബൂത്തുകളിൽ അനുഭവപ്പെട്ട തിരക്കും എൻ.ഡി.എയ്ക്ക് പ്രതീക്ഷ നൽകുന്നു.
നിർണായകം തുഷാർ
തുഷാർ വെള്ളാപ്പള്ളി ആരുടെയൊക്കെ വോട്ടുകൾ പിടിച്ചുവെന്നതാണ് ഫലത്തെ പ്രവചനാതീതമാക്കുന്നത്. പടിഞ്ഞാറൻ മേഖലകളിൽ ഇടതുമുന്നണിയുടെയും കിഴക്കൻ മേഖലയിൽ യു.ഡി.എഫിന്റെയും വോട്ടുകൾ തുഷാറിന് അനുകാലമായെന്നാണ് വിലയിരുത്തൽ.
പോളിംഗ് കുറഞ്ഞത്
കനത്ത ചൂട്, ഉച്ചയോടെ ആളുകൾ എത്തിയില്ല
വിദേശ കുടിയേറ്റത്തന്റെ പ്രതിഫലനം