nadapatha

കുമരകം: വിനോദ സഞ്ചാരമേഖലയിൽ പദ്ധതികൾ ഏറ്റെടുക്കുമ്പോഴുള്ള ശുഷ്കാന്തിയും ജാഗ്രതയും പരിപാലനത്തിൽ ഉണ്ടാവാത്തത് നിർമ്മാണങ്ങളുടെ നാശത്തിന് വഴിവയ്ക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ലോക ശ്രദ്ധ നേടിയ കുമരകത്ത് പരിപാലനമില്ലാതെ നശിക്കുന്ന ഒട്ടേറെ നിർമ്മാണങ്ങൾ കാണാനാകും. കോടികൾ ചിലവഴിച്ച് നിർമ്മിച്ചതാണിവ ഏറെയും. കുമരകം കായലോര നടപ്പാതയാണ് അതിലൊന്ന്. കുമരകത്ത് തിരക്കേറിയ ബോട്ട്ജെട്ടി മുതൽ കായൽ തീരത്തെ കുരിശടി വരെ പുലർച്ചെ മുതൽ വിനോദ സഞ്ചാരികളുടെ തിരക്കാണ്. കായൽ കാണാനായും, വേമ്പനാട്ടുകായലിൽ കറങ്ങാൻ ഹൗസ്ബോട്ടുകളിൽ കയറുന്നതിനായും നൂറുകണക്കിനു ആളുകൾ സഞ്ചരിക്കുന്ന നടപ്പാതയാണിത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയ്യെടുത്ത് കായൽ തീരത്ത് നടപ്പാത അവസാനിക്കുന്ന ഭാഗത്ത് ബോട്ടുജെട്ടിയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തി. വെയ്റ്റിംഗ് ഏരിയ, ടോയ്ലറ്റ്, കോഫി ബൂത്ത് തുടങ്ങിയവയും നിർമ്മിച്ചു. കോഫി ബൂത്തിന് കെട്ടിട നമ്പർ ലഭിക്കുന്നതിന് നേരിട്ട തടസം കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് പരിഹരിച്ചു. ബൂത്ത് ഏറ്റെടുത്തയാൾ കരാറുപേക്ഷിച്ചു പോയതോടെ കെട്ടിടത്തിന്റെ ഭാഗങ്ങൾ ഓരോന്നായി പൊളിഞ്ഞ് നിലവിൽ ഒരു കോൺക്രീറ്റ് സ്ലാബ് മാത്രമായ അവസ്ഥയാണ്. നടപ്പാതയുടെ അവസ്ഥയും വ്യത്യസ്തമല്ല. നടപ്പാതയുടെ സംരക്ഷണഭിത്തിയും വിരിച്ചിരുന്ന തറയോടും ഇളകി. യാതൊരു സുരക്ഷിതത്ത്വവും ഇല്ലാത്ത നിലയിലാണ് വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ വഞ്ചിവീടുകളിൽ കയറിയിറങ്ങുന്നത്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ കാണിച്ച അലംഭാവമാണ് അപകട ഭീഷണിയിലെത്തി നിൽക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി മുൻകൈയെടുത്ത് ഒന്നേകാൽ കോടിയുടെ പദ്ധതി നിർദ്ദേശങ്ങൾ ഡി റ്റി പി സി വഴി സമർപ്പിച്ചിരുന്നുവെങ്കിലും അനുമതി നേടിയെടുക്കാനായില്ല. സാധാരണക്കാർക്ക് കാറ്റു കൊള്ളാനും കായൽ സൗന്ദര്യം ആസ്വദിക്കാനും ടൂറിസം അനുബന്ധ തൊഴിലുകൾ ചെയ്ത് ജീവിക്കാനും കുമരകത്ത് അവശേഷിയ്ക്കുന്ന പൊതു ഇടങ്ങളാണ് വേണ്ടത്ര പരിപാലനമില്ലാതെ നശിയ്ക്കുന്നത്.