charala-vallomkayam

പൂവരണി: ചരള ​വള്ളോംകയം റോഡല്ലേ.. ഇപ്പ ശരിയാക്കിത്തരാം...! പഞ്ചായത്ത് അധികാരികളുടെ ഈ പറച്ചിൽകേട്ട് നാട്ടുകാർ മടുത്തു. ഇതേവരെ റോഡ് ''ശരിയാക്കിയിട്ടില്ല''.

മീനച്ചിൽ പഞ്ചായത്തിലെ ചരള ​ വള്ളോംകയം റോഡ് തകർന്ന് താറുമാറായിട്ട് നാളുകളായി. ജനങ്ങൾ പരാതി പറഞ്ഞ് മടുത്തു. ഒടുവിൽ പഞ്ചായത്ത് മെമ്പർ ബിന്ദു ശശികുമാർ ഇടപെട്ട് റോഡുപണിക്കായി ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ട് നാളുകളായി. കരാറുകാരൻ പണി ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ ഇതേ വരെ ഒരുതുള്ളി ടാറ് ഈ റോഡിൽ വീണിട്ടില്ല. ജനങ്ങൾ ഇപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സർക്കസുകാരെപ്പോലെ യാത്ര ചെയ്യുകയാണ്. ആകെത്തകർന്ന റോഡിലൂടെ ഓട്ടോറിക്ഷകൾ പോലും വരാൻ മടിക്കുന്നു.

മീനച്ചിൽ പഞ്ചായത്തിനെയും കൊഴുവനാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ റോഡാണിത്. കുഴികളിൽ നിന്ന് മെറ്റലുകൾ ചിതറിത്തെറിച്ച് കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് റോഡ് ഏത് വിധേനയും നന്നാക്കണമെന്ന താത്പര്യത്തിൽ പഞ്ചായത്ത് മെമ്പർ ചില ഇടപെടലുകൾ നടത്തിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

സ്​കൂളുകളും മറ്റും തുറക്കുന്നതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണമേറും. അപ്പോഴേക്കെങ്കിലും റോഡ് പണിതിരുന്നെങ്കിൽ എന്നാശിക്കുകയാണ് യാത്രക്കാരും നാട്ടുകാരും.

പഴയ ബില്ല് കിട്ടിട്ടെ എന്നിട്ടിത് പണിയാം

നേരത്തെ ചെയ്ത വർക്കിന്റെ ബില്ലുകൾ പഞ്ചായത്തിൽ നിന്നും മാറി തുക കിട്ടാനുണ്ട്. ഇത് കിട്ടിയിട്ടാവാം ചരള ​ വള്ളോംകയം റോഡിന്റെ നിർമ്മാണമെന്നാണ് കരാറുകാരന്റെ നിലപാടത്രേ.


ഉടൻ റോഡ് പണിതില്ലെങ്കിൽ സമരം തുടങ്ങും

ചരള ​ വള്ളോംകയം റോഡ് പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ പൊതുജനത്തെക്കൂട്ടി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പൂവരണി പൗരസമിതി പ്രസിഡന്റ് സാംജി പഴേപറമ്പിൽ മുന്നറിയിപ്പ് നൽകി. റോഡ് എത്രയുംവേഗം പണിയാൻ നേതൃത്വം നൽകണമെന്ന് പഞ്ചായത്ത് മെമ്പർ ബിന്ദു ശശികുമാറിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. വേറെ വർക്ക് ചെയ്തതിന്റെ തുക കിട്ടിയെങ്കിൽ മാത്രമേ ചരള​ വള്ളോംകയം റോഡ് പണിയൂവെന്ന കരാറുകാരന്റെ നിലപാട് ധാർഷ്ട്യം നിറഞ്ഞതാണെന്നും സാംജി പഴേപറമ്പിൽ കുറ്റപ്പെടുത്തി.