
ചങ്ങനാശേരി : ചങ്ങനാശേരിക്കാരുടെ ടൂറിസം സ്വപ്നങ്ങൾക്കായുള്ള കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്.എണ്ണിയാൽ തീരാത്തത്ര പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് കടലാസിൽ ഉറങ്ങുന്നത്. അതിലൊന്നുമാത്രമാണ് മനയ്ക്കൽച്ചിറടൂറിസംപദ്ധതി. മലയോര മേഖലയെയും കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന കുട്ടനാട്ടുകാരുടെ സ്വപ്നപദ്ധതിയായ മനക്കച്ചിറ ടൂറിസം പദ്ധതി.ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ച് രണ്ടിനായിരുന്നു മനക്കച്ചിറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം. ചങ്ങനാശേരി മുതൽ മങ്കൊമ്പ് വരെ 20 കി.മീ. നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും കിഴക്കുനിന്ന് ഒരു കിലോമീറ്റർ നീളത്തിൽ എ.സി കനാലിന്റെ ഭാഗങ്ങളിലെ സൗന്ദര്യവത്കരണങ്ങളാണ് പ്രധാനമായും നടന്നത്. സി.എഫ്. തോമസ് എം.എൽ.എ മുൻകൈയെടുത്ത് ടൂറിസം വകുപ്പ് അനുവദിച്ച 33 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം നടത്തിയത്. രണ്ടാംഘട്ടമെന്ന നിലയിൽ 2005ൽ 39 ലക്ഷം രൂപയും അന്തിമഘട്ടമെന്ന നിലയിൽ 49 ലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു. വികസനപ്രവർത്തന ഭാഗമായി എ.സി കനാലിന് വടക്കുഭാഗത്ത് എ.സി റോഡിനും കനാലിനും സമാന്തരമായി പവിലിയൻ നിർമ്മിക്കുകയും തറയിൽ ടൈൽസ് പാകുകയും ചുറ്റുമതിലും കമ്പി ഉപയോഗിച്ച് വേലിക്കെട്ടും നിർമ്മിച്ചു. കനാലിന്റെ മദ്ധ്യഭാഗത്തായി സൗന്ദര്യം ആസ്വദിക്കാൻ പാകത്തിൽ മണ്ഡപവും നിർമിച്ചിരുന്നു. ചുറ്റിനും അലങ്കാരവിളക്കും സ്ഥാപിച്ചു. എന്നാൽ, ചങ്ങനാശേരി പട്ടണത്തിലെ മുഴുവൻ മാലിന്യവും ആവണിത്തോട്ടിലൂടെ കനാലിൽ ഒഴുകിയെത്തുന്നതിന് പരിഹാരമുണ്ടാക്കാൻ അധികൃതർക്കായിട്ടില്ല എന്നതാണ് വലിയ പോരായ്മ. ലക്ഷങ്ങൾ മുടക്കി പവിലിയൻ നിർമ്മിച്ചെങ്കിലും പൊതുജനത്തെ ആകർഷിക്കാൻ പാകത്തിൽ കനാലിൽ ഒന്നും സജ്ജീകരിച്ചിട്ടുമില്ല. പെഡൽ ബോട്ടുകൾ എത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അവ എത്തിയിട്ടില്ല. നഗരസഭ മുൻകൈയെടുത്ത് ഓണാഘോഷ ഭാഗമായി വള്ളംകളിയും എ.സി കനാലിൽ നടത്തിയിരുന്നു. ഏതാനം വർഷങ്ങളായി ഇത് മുടങ്ങിയ നിലയിലാണ്.
കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേ പഴമയും പ്രൗഢിയും നിലനിർത്തി ഇവിടം കേന്ദ്രീകരിച്ച് ടൂറിസത്തിന്റെ സാദ്ധ്യതകൾ തേടണമെന്നും നടപ്പാക്കണമെന്നും ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നു.
നിർദ്ദിഷ്ട ബോട്ട്‌ജെട്ടി വേട്ടടി മനയ്ക്കച്ചിറ ടൂറിസം പദ്ധതികൾ പൂർത്തിയാക്കുകയും ചെറുവള്ളങ്ങൾ ഈ റൂട്ടിൽ സഞ്ചരിക്കാൻ അവസരം ഒരുക്കുകയും ചെയ്യണം. നടപ്പാതകളും അലങ്കാര വിളക്കുകളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.ശ്യാം സാംസൺ ( മുനിസിപ്പൽ കൗൺസിലർ)