കുമരകം: കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി ആർമി യൂണിറ്റ് പ്രവർത്തനമാരംഭിച്ചിട്ട് കാൽനൂറ്റാണ്ട്. കുട്ടികളിൽ രാജ്യസ്നേഹവും, അച്ചടക്ക ബോധവും വളർത്തി മികച്ച സൈനിക മനോഭാവം ഉൾക്കൊണ്ട കേഡറ്റുകളായി മാറ്റിയെടുക്കാൻ യൂണിറ്റിനായിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിലൂടെ വേമ്പനാട്ട് കായലിനെ മാലിന്യമുക്തമാക്കുവാൻ തുടർച്ചയായി പ്രവർത്തനങ്ങൾ നടത്തി. ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. നിരാലംബയും, ഭവന രഹിതയുമായ മങ്കമ്മയ്ക്ക് അന്തിയുറങ്ങാൻ സുരക്ഷിത ഭവനമൊരുക്കി. കഴിഞ്ഞ രണ്ട് വർഷക്കാലമായി തുടർന്നു വരുന്ന സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്ന പ്രവർത്തനങ്ങളിലൂടെ നാടിനാകെ മാതൃകയായി മാറിയ കേഡറ്റുകളുടെ പരിശീലനം പൂർത്തീരിക്കുകയാണ്. ഇന്ന് രാവിലെ ഏഴിന് നടക്കുന്ന പ്രൗഢ ഗംഭീരമായ പാസിംഗ് ഔട്ട് പരേഡ് സെറിമണിയോടെ ഈ ബാച്ചിന്റെ പ്രവർത്തനം പൂർണമാവുകയാണ്. സ്കൂൾ മാനേജരും ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റുമായ എ.കെ ജയപ്രകാശ് പതാക ഉയർത്തുന്നതോടെ പരേഡിന് തുടക്കമാകും. 16 കേരള ബറ്റാലിയൻ എൻ.സി. സി കമാൻഡിംഗ് ഓഫീസർ കേണൽ പി. ദാമോദരൻ സല്യൂട്ട് സ്വീകരിക്കും. തുടർന്ന് സ്കൂൾ മാനേജരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ വി.സി അഭിലാഷ് സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും. കേഡറ്റുകൾക്കുള്ള അവാർഡ് എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ വിതരണം നടത്തും. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ് സുനിമോൾ, ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ. എം ഇന്ദു , രാജീവ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കവിത ലാലു, വാർഡ് മെമ്പർ മായ സുരേഷ്, രാജേശ്വരി, എൻ.കെ വിനോദ് എന്നിവർ ആശംസകൾ അർപ്പിക്കും.