youth-movement

കുമരകം: എസ്.എൻ.ഡി.പി യൂത്ത്മൂവ്മെന്റ് 225 കുമരകം വടക്ക് ശാഖാംഗങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന പുതിയ വായനശാലയിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം പറമ്പിൽ ജോഷി-സിന്ധു ദമ്പതികളുടെ മകളും എഴുത്തുകാരിയുമായ അജ്ഞലി ജോഷിയിൽ നിന്ന് യൂത്ത്മൂവ്മെന്റിനു വേണ്ടി എസ്.കെ.എം.എച്ച്.എസ് എച്ച്.എം ഇന്ദു ടീച്ചർ ആദ്യ പുസ്തകം ഏറ്റുവാങ്ങി കൊണ്ട് നിർവഹിച്ചു. യുവജനങ്ങളിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന വായനാശീലത്തെ തിരികെ കൊണ്ടുവരുവാൻ "എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ ഉണ്ടായിരിക്കണം, എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് പഠിപ്പിക്കണം" എന്ന ഗുരുവചനത്തെ കർമ്മപഥത്തിൽ എത്തിക്കുന്നതിനായിട്ടാണ് യൂത്ത് മൂവ്മെന്റിന്റെ ശ്രമം. യൂത്ത്മൂവ്മെന്റിന്റെ ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 38ന്റെ കൺവീനർ എം.ജെ അജയൻ യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രവർത്തകർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖാനമ്പർ 38 കുമരകം വടക്കിന്റെ ശാഖാഹാളിൽ യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് അനൂപ് ഇ.റ്റിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലർ പി.കെ.സജ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ കൗൺസിലർ അരവിന്ദ് സുകുമാരൻ, വനിതാസംഘം പ്രസിഡന്റ് മായാ ഷിബു,​ ശാഖാ മാനേജിംഗ് കമ്മറ്റി യൂത്ത്മൂവ്മെന്റ് ഇൻ-ചാർജ് പ്രശാന്ത്. എസ് എന്നിവർ പങ്കെടുത്ത യോഗത്തിന് യൂണിറ്റ് സെക്രട്ടറി അർജുൻ.കെ.രാജ് സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് ജോതിഷ്.കെ.ജോഷി നന്ദിയും പറഞ്ഞു.