bridge

പാലാ: വലിയപാലത്തിന് അടിയിലൂടെ വലിയ വാഹനങ്ങൾ വരരുതെന്ന് പറഞ്ഞിട്ടില്ലേ... ഹാ കഷ്ടം! അധികാരികളുടെ ഈ നിർദ്ദേശമൊക്കെ ആരുകേൾക്കാൻ. വലിയ വാഹനങ്ങൾ പാലാ റിവർവ്യൂ റോഡിൽ വലിയപാലത്തിന് അടിയിലൂടെയെത്തി പാലത്തിൽ തട്ടി കുരുങ്ങുന്നത് പതിവാകുന്നു. ഇതുമൂലം നഗരത്തിലെമ്പാടും ഗതാഗത തടസവുമുണ്ടാകുന്നു.

ഈ പ്രശ്‌നം പരിഹരിക്കാൻ ഉയരംകൂടിയ വാഹനങ്ങൾ ഇതുവഴി വരരുതെന്ന് പലതവണ പി.ഡബ്ല്യു.ഡി. അധികാരികളും നഗരസഭ അധികാരികളും മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്. എങ്കിലും ആരുകേൾക്കാൻ. ഇപ്പോഴും ഉയരമുള്ള വാഹനങ്ങൾ വലിയപാലത്തിന് അടിയിലൂടെയുള്ള വഴിയിലൂടെ കടന്നുവരുന്നു. ഗതാഗത തടസമുണ്ടാക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയേ ഇനി രക്ഷയുള്ളൂ.

വലിയ പാലത്തിന് താഴ്ഭാഗത്തു കൂടി അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ ലോഡുമായെത്തുന്ന വാഹനങ്ങൾ നിത്യവും ഗതാഗത കുരുക്കിനിടയാക്കുകയാണ്.

നിരവധി തവണ വാഹനങ്ങൾ പാലത്തിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ശനിയാഴ്ച അമിത ലോഡുമായി അന്യസംസ്ഥാനത്ത് നിന്നെത്തിയ ലോറിക്ക് പാലത്തിനടിയിലൂടെ കടക്കാൻ കഴിയാതിരുന്നത് ഗതാഗതക്കുരുക്കിനിടയാക്കി. പാലത്തിനടിയിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ നിശ്ചിത ഉയരം മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പ്രശ്‌നങ്ങൾക്കിടയാക്കുന്നത്.

മുന്നറിയിപ്പിനായി വച്ചിരിക്കുന്ന ഇരുമ്പ് പൈപ്പിന്റെ അടിയിലൂടെ ഭാരവണ്ടികൾ കടന്നുപോകുകയും വലിയ പാലത്തിന് അടിഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ വരികയുമാണ് ചെയ്യുന്നത്. പാലത്തിനു കീഴിലെ തടസത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകണമെന്ന ആവശ്യമുയരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ ഭാരവണ്ടി പാലത്തിൽ തട്ടുകയും വാഹനത്തിന്റെ ചില്ലുകൾ പൊട്ടി ഡ്രൈവറുടെ ദേഹത്ത് വീഴുകയും ചെയ്തിരുന്നു. പാലത്തിനടിയിൽ കുടുങ്ങുന്ന ഭാരവണ്ടികൾ പിന്നീട് പിന്നോട്ടെടുക്കാൻ ശ്രമിക്കുമ്പോൾ അതിന് പിന്നിലായി എത്തുന്ന വാഹനങ്ങൾ മുഴുവൻ നീക്കേണ്ടി വരും. ഇതാണ് രൂക്ഷമായ ഗതാഗത തടസമുണ്ടാകാൻ കാരണമായി വരുന്നത്.

നിയമനടപടികൾ സ്വീകരിക്കണം

കൂടുതൽ ഉയരത്തിൽ ലോഡുമായി എത്തുന്ന വാഹനങ്ങൾ മുന്നറിയിപ്പ് അവഗണിച്ച് വലിയ പാലത്തിനടിയിലൂടെയുള്ള റിവർവ്യൂ റോഡുവഴി എത്തുന്നത് കർശനമായി തടഞ്ഞേ തീരൂ. ഇത് ലംഘിക്കുന്ന വാഹന ഡ്രൈവർമാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചാലേ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂ.

പ്രൊഫ. സതീശ് ചൊള്ളാനി (നഗരസഭ പ്രതിപക്ഷ നേതാവ്)