ezhachery

ഏഴാച്ചേരി: 158ാം നമ്പർ എസ്.എൻ.ഡി.പി. യോഗം ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന രജതജൂബിലിയാഘോഷ ഭാഗമായി ഇന്നലെ വൈകിട്ട് നടത്തിയ ഘോഷയാത്ര ഭക്തിനിർഭരമായി. പീതവസ്ത്രധാരികളായ വനിതകളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത ഘോഷയാത്ര ഏഴാച്ചേരി വടക്ക് പുളിയാനിപ്പുഴ പി.കെ. സുകുമാരന്റെ വസതിയിൽ നിന്നുമാണ് ആരംഭിച്ചത്. ഗരുഡൻപറവ, അലങ്കരിച്ച രഥം, അമ്മൻകുടം, കൊട്ടക്കാവടി, പൂക്കാവടി, താളമേളങ്ങൾ എന്നിവ അകമ്പടിയായ ഘോഷയാത്രയിൽ പീതപതാകകളേന്തി ഭക്തർ അണിചേർന്നു.

ഘോഷയാത്ര ഏഴാച്ചേരി കാവിൻപുറം കവലയിൽ എത്തിച്ചേർന്നപ്പോൾ 163ാം നമ്പർ ശ്രീരാമകൃഷ്ണ വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്രയ്ക്ക് വരവേല്‌പേകി. കുടിവെള്ള വിതരണവുമുണ്ടായിരുന്നു. കരയോഗം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഘോഷയാത്ര ഗുരുമന്ദിരത്തിൽ എത്തിച്ചേർന്നശേഷം വിശേഷാൽ ദീപാരാധന, അന്നദാനം എന്നിവയും തുടർന്ന് തിരുവാതിരകളി, ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം എന്നിവയും അരങ്ങേറി. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് കെ.ബി. ശിവരാമൻ തന്ത്രികൾ, വിപിൻദാസ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാൽ പതാക ഉയർത്തി. ഗുരുപൂജ, സമൂഹപ്രാർത്ഥന, റ്റി.കെ. വാരിജാക്ഷന്റെ പ്രഭാഷണം എന്നിവയുമുണ്ടായിരുന്നു. തുടർന്ന് സാംസ്‌കാരിക സമ്മേളനം നടന്നു. ഗുരുമന്ദിരം, ഓഫീസ് എന്നിവയുടെ നിർമ്മാണ കാലഘട്ടത്തിലെ ശാഖാ, വനിതാസംഘം ഭാരവാഹികളെയും മികച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരായി തിരഞ്ഞെടുക്കപ്പെട്ട ശാഖാംഗങ്ങളായ ജി. സാബു, ഷിബുകുമാർ റ്റി.ഡി., ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ആർ. പ്രകാശ്, ഭരണസമിതിയംഗങ്ങളായ ബിന്ദു സന്തോഷ്, രഞ്ജിത്ത് സലിം എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനം ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാലിൽ ഉദ്ഘാടനം ചെയ്തു. സുധ തങ്കപ്പൻ, ശോഭന സോമൻ, പി.ഡി. സജി, പി.കെ.രാജു, ജി. സാബു എന്നിവർ ആശംസകൾ നേർന്നു. ശാഖാ സെക്രട്ടറി കെ.ആർ. ദിവാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് റ്റി.എസ്. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് പി.ആർ. പ്രകാശ്, കെ.ആർ. ദിവാകരൻ, റ്റി.എസ്. രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.