 
പ്രവിത്താനം: ആദ്യ കുർബാനയ്ക്ക് എത്തിയവർ തമ്മിലെ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 12.50 ഓടെ പാലാ പ്രവിത്താനം കണിയാൻമുകളേൽ വീട്ടിലാണ് സംഭവം. പ്രവിത്താനം ചെറിയൻമാക്കൽ ലിബിൻ ജോസാണ് (28) മരിച്ചത്. പാലായിലെ ഫർണീച്ചർ കടയിലെ ഡ്രൈവറായിരുന്നു. ഗൃഹനാഥ നിർമ്മല (55), ഇവരുടെ ബന്ധു എറണാകുളം സ്വദേശി ബെന്നി (34), പാലാ പരുമലക്കുന്ന് പുത്തൻപുരയ്ക്കൽ അഭിലാഷ് ഷാജി (30) എന്നിവർക്കാണ് പരിക്കേറ്റത്. മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. അഭിലാഷ് ഷാജിയുടെ കുത്തേറ്റാണ് ലിബിൻ മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ പൊലീസ് കാവലിൽ ചികിത്സയിലാണ്.