valiyathodu

കടുത്തുരുത്തി: ജലസമൃദ്ധി കൊണ്ട് സമ്പന്നമാണ് കടുത്തുരുത്തി വലിയതോട്. കൊടുംവേനലിലും വറ്റി വരളാത്ത ജലസമൃദ്ധി. കാലകാലങ്ങളായി തോടിനെ സംരക്ഷിക്കാതെ എക്കലും പോളയും പൊന്തൻ പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലാണ് തോട് ഇപ്പോൾ. സമീപവാസികളുടെയും ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ തോട്ടിൽ ചാക്കിൽ കെട്ടി കൂട്ടമായി കിടക്കുന്നുമുണ്ട്. ഇത് വെള്ളം വൃത്തിഹീനമാക്കിയിട്ടുമുണ്ട്. ചില സ്ഥലങ്ങളിൽ തോടിന്റെ വശങ്ങൾ ഇടിഞ്ഞു നശിച്ച നിലയിലുമാണ്.
കടുത്തുരുത്തി ടൗണിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ഈ തോടിന്റെ പൂവക്കോട് പാലം മുതൽ പത്തുചിറ ചീപ്പു പാലം വരെയുള്ള പ്രദേശം വൃത്തിയാക്കിയെടുത്താൽ ടൂറിസം സാദ്ധ്യതകൾക്ക് ഏറെ പ്രയോജനപ്പെടുത്താം. ജില്ലാ ടൂറിസം കൗൺസിലുമായി സഹകരിച്ച് ഇക്കാര്യത്തിൽ മുതൽ മുടക്കാൻ സന്നദ്ധരായവരുണ്ട്.

ത്രിതല പഞ്ചായത്തിന്റെ മെല്ലെപ്പോക്കുനയം

ത്രിതലപഞ്ചായത്ത് സംവിധാനം ഉണർന്നു പ്രവർത്തിക്കണം. ഇവരുടെ മെല്ലെപ്പോക്കുനയം വികസനത്തിന് വഴിയൊരുക്കുന്നില്ല. തോട്ടിൽ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങളും എക്കലും പോളയും പുല്ലും നീക്കം ചെയ്യാൻ തൊഴിലുറപ്പ് സംവിധാനത്തെ പ്രയോജനപ്പെടുത്തണം. ചിലവുകുറഞ്ഞ സംവിധാനങ്ങൾ ഏറെയുണ്ടെങ്കിലും പഞ്ചായത്ത് പ്രയോജനപ്പെടുത്താത്തതെന്ത് എന്ന ആക്ഷേപമാണ് നാട്ടുകാരുടെ ഇടയിൽ. അപ്പർ കുട്ടനാടൻ മേഖലകളിൽ താമസിക്കുന്നവർക്ക് കടുത്തുരുത്തി ടൗണിൽ എത്താൻ ജലമാർഗം പ്രയോജനപ്പെടുത്താനും കഴിയും.

പഞ്ചായത്തിനു വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാം.

ചെറുവള്ളങ്ങളും പെഡൽ ബോട്ടുകളും ഉപയോഗിച്ച് വിനോദസഞ്ചാരത്തിന് സൗകര്യം ഒരുക്കാം. ഉൾനാടൻ ടൂറിസം വികസിപ്പിക്കാം. മാംഗോ മെഡാസ് പോലെയുള്ള തീം പാർക്കുകളെ പ്രയോജനപ്പെടുത്തിയാൽ വിനോദ സഞ്ചാരികൾക്ക് കടുത്തുരുത്തി ടൗണിൽ നിന്നും ജലമാർഗം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകാനും വരാനും കഴിയും. പദ്ധതികൾ വേണ്ട വിധത്തിൽ വിപുലീകരിച്ചാൽ പഞ്ചായത്തിനു വരുമാനവും ഉണ്ടാക്കാം.