
വൈക്കം: എസ്.എൻ.ഡി.പി യോഗം 127ാം നമ്പർ പടിഞ്ഞാറേക്കര ശാഖയിലെ തുറവേലിക്കുന്ന് ധ്രുവപുരം മഹാദേവക്ഷേത്രത്തിൽ നിർമ്മിക്കുന്ന ശ്രീകോവിൽ ചെമ്പ് പാകുന്നതിന്റെ മുന്നോടിയായി ഞായറാഴ്ച ചെമ്പോല ഘോഷയാത്ര നടത്തി.
ശ്രീകോവിൽ നിർമ്മിക്കാൻ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നതാണ് ചെമ്പോല. ഇന്നലെ വൈകിട്ട് 3ന് അലങ്കരിച്ച വാഹനത്തിൽ താലങ്ങളിൽ ചെമ്പോല വച്ച് പ്രയാണ ഘോഷയാത്ര പുറപ്പെട്ടു. ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ പ്രയാണ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ശാഖാ സെക്രട്ടറി കെ.ജി രാമചന്ദ്രൻ, എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ടി.എസ് സെൻ, വൈസ് പ്രസിഡന്റ് വി.എൻ റെജിമോൻ, രക്ഷാധികാരി ജെന്റിൽമാൻ ബാബു, നിർമ്മാണ കമ്മറ്റി കൺവീനർ കെ.രാധാകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ലിബീഷ്, സെക്രട്ടറി രാഹുൽ എന്നിവർ നേതൃത്വം നൽകി.
തോട്ടാറമിറ്റം, അരീക്കുളങ്ങര, ചാലപറമ്പ്, വൈക്കം ഗുരുമന്ദിരം, ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ശാഖ, പടിഞ്ഞാറേക്കര കെ.പി.എം.എസ് ശാഖ, പടിഞ്ഞാറേക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രം, ഇളംങ്കാവ് ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രസങ്കേതങ്ങളിൽ ചെമ്പോല പ്രയാണ ഘോഷയാത്രക്ക് വരവേൽപ്പ് നൽകി. വൈകിട്ട് 6ന് ഇളംങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ചെമ്പോലകൾ താലങ്ങളിൽ വച്ച് ധ്രുവപുരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.