
ചങ്ങനാശേരി : കുമാരമംഗലത്ത് മന പൈതൃക മ്യൂസിയമായി മാറ്റുവാനുള്ള പദ്ധതി ഉപേക്ഷിച്ച നിലയിൽ. ആയിരം വർഷത്തെ ചരിത്രം പേറുന്ന പുഴവാത് കുമാരമംഗലത്ത് മന സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ട് 9 വർഷം പിന്നിടുന്നു. കേരളീയ വാസ്തുശിൽപകലയിൽ നിർമ്മിച്ച വീടും 15 സെന്റ് സ്ഥലവും ഉൾപ്പെടുന്ന ഭാഗമാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. മനയോടു ചേർന്നുള്ള ആറുസെന്റ് സ്ഥലവും കുടുംബാംഗങ്ങൾ പുരാവസ്തു വകുപ്പിന് സൗജന്യമായി വിട്ടുനൽകി. ഒന്നരക്കോടി രൂപ ചിലവഴിച്ച് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മന ഏറ്റെടുത്തത്. പിന്നീട് എൽ.ഡി.എഫ് സർക്കാർ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് മനയുടെ പരമ്പരാഗത ഭംഗി നഷ്ടപ്പെടാതെ കുറച്ചുഭാഗം അറ്റകുറ്റപ്പണികൾ നടത്തി. ബാക്കി ഭാഗത്തെ പണികൾ പാതിവഴിയിലാണ്. പുരാവസ്തുവിഭാഗം ഏറ്റെടുത്ത സ്ഥലത്തിന് ചുറ്റുമതിൽകെട്ടി അതിനു മുകളിൽ കമ്പിവല സ്ഥാപിച്ചിട്ടുമുണ്ട്. ഫണ്ട് തികയാതെ വന്നതോടെ പുരാവസ്തുവകുപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. സർക്കാരും കൈവിട്ട മട്ടാണ്.
ശുചീകരണത്തിന് താത്കാലികാടിസ്ഥാനത്തിൽ രണ്ടുപേരെ നിയമിച്ചെങ്കിലും ശമ്പളം കൊടുക്കാൻ പണം ഇല്ലാത്തതിനാൽ ഒഴിവാക്കി.
മനയിൽ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പുരാവസ്തുവകുപ്പ് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടില്ല. എട്ടുവീട്ടിൽ പിള്ളമാരെ നിഗ്രഹിച്ച് എട്ട് കൂടങ്ങളിലാക്കി കുടിയിരുത്തിയെന്ന ചരിത്രമുള്ള വേട്ടടിക്കാവ് ക്ഷേത്രം, മനയുടെ കുടുംബക്ഷേത്രമാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും 1967മുതൽ 70വരെ ചങ്ങനാശേരിയുടെ എം.എൽ.എയുമായിരുന്ന പരേതനായ കെ.ജി.എൻ നമ്പൂതിരിപ്പാട് താമസിച്ചതാണ് കുമാരമംഗലത്ത് മന. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് ഇ.എം.എസ് ഉൾപ്പെടെ നേതാക്കൾ ഒളിവിൽ താമസിച്ച് പ്രവർത്തിച്ച വീടാണിത്. പൗരാണികതയുടെ സൗന്ദര്യം തുളുമ്പുന്ന മനയിലെ നാലുകെട്ടും നിലവറയും നെല്ലറയുമെല്ലാം കേരളത്തനിമ വിളിച്ചോതുന്നതാണ്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ സഹായത്തോടെ മനയുടെ ഗ്രാഫിക്കൽ ഡോക്യുമെന്റേഷൻ ചെയ്തിരുന്നു. നാലുകെട്ടിന്റെ തനിമ നിലനിർത്തി അതിന്റെ സവിശേഷതകൾ, ചരിത്രം എന്നിവ രേഖപ്പെടുത്തിവെയ്ക്കുമെന്നും പറഞ്ഞിരുന്നു. നാല് കെട്ടുൾപ്പെടെ നിരവധി മുറികളാണ് ഇനിയും നവീകരിക്കാനുള്ളത്. ശൗചാലയം ഇല്ല. സന്ദർശകർക്ക് വിശ്രമിക്കുന്നതിനും സൗകര്യങ്ങൾ ഇല്ല.
മനയിലെ മഹാ മാന്ത്രികൻ
എട്ടുവീട്ടിൽ പിള്ളമാരുടെ മരണാനന്തരം രാജ്യത്ത് പല ദുർനിമിത്തങ്ങളും ഉണ്ടാകാൻ തുടങ്ങിയത്രേ! അവരുടെ ആത്മാക്കളെ അഴിഞ്ഞാടാനനുവദിക്കാതെ സുരക്ഷിതമായ ഒരിടത്ത് കുടിയിരുത്താനായി പിന്നെ ശ്രമം. അത്തിപ്പറ്റ നമ്പൂതിരി ആത്മാക്കളെ കുടത്തിൽ ആവാഹിച്ചെങ്കിലും പരാക്രമികളായ അവർ കുടംപൊട്ടിച്ച് പുറത്തു ചാടിപോലും! തുടർന്ന് ചങ്ങനാശേരിയിലെ കുമാരമംഗലത്ത് മനയിൽനിന്നെത്തിയ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് അവരെ കുടത്തിലൊതുക്കിയത്. അവരെ കുടിയിരുത്താൻ അദ്ദേഹം തിരഞ്ഞെടുത്തതാണ് വെട്ടിയാട്ട് അമ്പലം.വെട്ടിയാടാണ് പിന്നീട് ചങ്ങനാശ്ശേരി പുഴവാതിലെ വേട്ടടിയായിത്തീർന്നത്. ഉഗ്രരൂപിണിയായ ഭദ്രകാളിയാണ് പ്രതിഷ്ഠ.