sivankutty

ഇടുക്കി: അദ്ധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന മൊഡ്യൂൾ മന്ത്രി വി. ശിവൻകുട്ടി ഇടുക്കിയിൽ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ 80,000 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൈറ്റ് വഴി പരിശീലനം നൽകുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ അദ്ധ്യാപകർക്ക് എ.ഐ സംബന്ധിച്ച പരിശീലനം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഹൈടെക് സ്‌കൂളുകൾ സ്ഥാപിച്ച് കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതും കൊവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സിലൂടെ ഡിജിറ്റൽ ക്ലാസുകൾ എല്ലാ കുട്ടികളിലേക്കും എത്തിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.