
ഈരാറ്റുപേട്ട: മീനച്ചിലാർ വറ്റിവരണ്ടതോടുകൂടി ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു. ഇതിന് ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്.
മഴക്കാലത്ത് പൂർണമായും ഷട്ടറുകൾ തുറന്ന് വിടുന്ന രീതിയിലും വേനൽക്കാലത്ത് നഗരസഭ പ്രദേശത്ത് കൂടി ഒഴുകുന്ന ആറുകളിലെ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ചു കൊണ്ട് മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട മുക്കടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യമാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ വേണ്ടി ടോക്കൻ പ്രൊവിഷൻ വച്ചതാണ്. എന്നാൽ പാലായിലെ അരുണാപുരത്ത് റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിതാൽ മുട്ടം ജംഗ്ഷനിലും സെൻട്രൽ ജംഗ്ഷനിലും ദിവസം തോറും ഉണ്ടാകുന്ന ഗതാഗത കുരുക്കിനും പരിഹാരമാകും.
റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായാൽ ചെളി നിറഞ്ഞ് കിടക്കുന്ന ടൗണിലെ ചെക്ക് ഡാം പൊളിച്ച് കളയാൻ സാധിക്കും. ഇതുവഴി ഈരാറ്റുപേട്ടയിൽ വർഷം തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയും.
ഇലക്ട്രിക് സംവിധാനത്തിൽ ബ്രിഡ്ജിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുന്നതിനാൽ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാൻ സാധിക്കും.
ബ്രിഡ്ജ് പണി പൂർത്തിയാകുന്നതോടുകൂടി വേനൽ കാലത്ത് അൽമനാർ സ്‌കൂൾ ഭാഗം. തെക്കനാറിൽ മറ്റക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നദിയിൽ ഒന്നര മീറ്റർ ജലവിതാനം ഉയരുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജല സമൃദ്ധി വർദ്ധിക്കുവാൻ സാധിക്കും. കൂടാതെ ഇരു നദികളെയും ആശ്രയിച്ചിട്ടുള്ള ജനകീയ ജലസേചന പദ്ധതികളിലെ കിണറുകളിൽ ധരാളം വെള്ളം ലഭിക്കും. ഇതു മൂലം നഗരസഭ പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
റഗുലേറ്റർ ബ്രിഡ്ജ് പദ്ധതി പ്രകാരമുള്ള ജലം മറ്റയ്ക്കാട്, തേവരുപാറ, ഈറ്റിലക്കയം, വാക്കാപറമ്പ്, അരുവിത്തുറ, വല്ല്യച്ചൻമല എന്നിവിടങ്ങളിൽ ടാങ്കുകൾ നിർമ്മിച്ച് അവിടങ്ങളിൽ നിന്ന് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് ജല അതോറിറ്റി നടപടികൾ സ്വീകരിക്കാൻ സാധിക്കും.
കൂടാതെ ഇരുനദികളിലും പെഡൽ ബോട്ടുസവാരി ആരംഭിക്കുകയും ചെയ്താൽ നാട്ടുകാർക്കും വാഗമൺ, മാർമല, ഇല്ലിക്കൽ കല്ല് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കും.
സായാഹ്നങ്ങളിൽ പുഴയുടെ തീരങ്ങളിൽ ഇവിടെ ആളുകൾ നിറയും. ഇവിടെ മിനി പാർക്കുകളും പൂന്തോട്ടങ്ങളും സ്ഥാപിക്കാൻ സാധിക്കും.