b

ചങ്ങനാശേരി : ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ചിത്രകുളം നവീകരണത്തിന് തുടക്കമായി. നാലുമണി കാറ്റുകൊണ്ട് വിശ്രമിക്കാനും വിനോദത്തിനും പൊതു ഇടമില്ല എന്നത് ചങ്ങനാശേരിക്കാരുടെ സ്ഥിരം പരാതിയാണ്. അത്തരം ആവലാതികൾക്കെല്ലാം പരിഹാരം കാണുവാനുള്ള നഗരസഭയുടെ ആദ്യ ചുവടുവെയ്പ്പാണ് ചിത്രകുളം നവീകരണം. ഭാവിയിൽ മികച്ച ടൂറിസം കേന്ദ്രമാക്കി ചിത്രകുളത്തെ മാറ്റുക എന്നതാണ് പദ്ധതി. ഇതുവഴിയുള്ള പാത വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുവാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പാർക്കിംഗ് സൗകര്യവും കണ്ടെത്തും. പദ്ധതി പൂർത്തിയായാൽ പൊതുജനത്തിന് ലഭിക്കുക മനോഹരമായ വിശ്രമ കേന്ദ്രം. നിലവിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപയും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയും ചിലവഴിച്ചാണ് സൗന്ദര്യവത്ക്കരണം നടത്തുന്നത്.


ആദ്യഘട്ടത്തിൽ കുളത്തിന് ചുറ്റും നടപ്പാത നിർമ്മിച്ച് ടൈലുകൾ പാകും. കുളത്തിലെ വെള്ളം വറ്റിച്ച്, ചെളിയും, മാലിന്യങ്ങളും നീക്കി വൃത്തിയാക്കും. കുളത്തിന് ചുറ്റും അലങ്കാരവിളക്കുകളും സ്ഥാപിക്കും. രണ്ടാം ഘട്ടമായി ഇരിപ്പിടങ്ങൾ ക്രമീകരിക്കും, ഓപ്പൺ ജിംനേഷ്യം, കോഫിബാർ, കുട്ടികൾക്കുള്ള മിനി പാർക്ക്, നിരീക്ഷണ ക്യാമറകൾ എന്നിവ സജ്ജമാക്കും. പദ്ധതിയുടെ പൂർത്തീകരണത്തിനായി നഗരസഭ ഫണ്ടിനു പുറമേ സന്നന്ധ സംഘടനകളുടെ സഹകരണവും തേടും എന്ന് നഗരസഭ അദ്ധ്യക്ഷ ബീനാ ജോബിയും ഉപാദ്ധ്യക്ഷൻ മാത്യൂസ് ജോർജ്ജും പറഞ്ഞു.


രാജഭരണകാലത്തെ ചിത്രകുളം


തെക്കുംകൂർ രാജവംശത്തിന്റെ കാലത്ത് കൊട്ടാരത്തിലെ സ്ത്രീകൾ ക്ഷേത്രദർശനം നടത്തുന്നതിനുമുൻപ് നീരാടിയിരുന്നതാണ് ചങ്ങനാശേരിയിലെ ചിത്രകുളം. പിന്നീട് തിരുവിതാംകൂർ രാജവംശത്തിന്റെ കാലത്തും ഈ കുളം സംരക്ഷിച്ചു. ഈ സ്ഥലത്തിന്റെ ഉടമാവകാശമുണ്ടായിരുന്ന മുൻ നഗരസഭാധ്യക്ഷൻ കെ.ജി.എൻ നമ്പൂതിരിപ്പാട് ഈ കുളം ഉൾപ്പെടുന്ന ഒരേക്കർ 86 സെന്റ് സ്ഥലം നഗരസഭയ്ക്ക് കൈമാറി. അന്നുമുതൽ നഗരസഭയാണ് ചിത്രകുളം സംരക്ഷിക്കുന്നത്.

ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റുമായി തുടർച്ചയായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതിക്ക് ജീവൻ വെച്ചത്. പദ്ധതിയൂടെ പൂർത്തീകരണത്തിന് കൂടുതൽ തുക ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി വരികയാണ്.
ജോബ് മൈക്കിൾ എം.എൽ.എ