
കോട്ടയം : വേനൽച്ചൂടിൽ രക്ഷതേടി മരങ്ങളുടെ ഇടങ്ങളിലേയ്ക്ക് പക്ഷികൾ ചുരുങ്ങിയതായി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസ് സർവേ. പക്ഷി നിരീക്ഷകർ, വിദഗ്ദ്ധർ, ജൂനിയർ നാച്ചുറലിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 40 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. മുൻ വർഷങ്ങളിലേക്കാൾ പക്ഷി വൈവിദ്ധ്യത്തിൽ നേരിയ കുറവുണ്ടായെങ്കിലും ചൂടിന്റെ ആഘാതത്തിൽ തണലിലേക്ക് ഒതുങ്ങിയതാണ് കാരണം. നഗരത്തെ ആറ് ഭാഗങ്ങളായി തിരിച്ചായിരുന്നു സർവേ. ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് ഈരയിൽക്കടവിലും, രണ്ടാമത് സി.എം.എസ് കോളേജ് ക്യാമ്പസിലുമാണ്. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ശരത് ബാബു എൻ ബി, ടോണി ആന്റണി, അജയകുമാർ എം എൻ, ഷിബി മോസ്റ്റസ്, അനൂപാ മാത്യൂസ്, തോമസ് യാക്കൂബ്, എന്നിവർ കണക്കെടുപ്പിന് നേതൃത്വം നൽകി,
കൊറ്റില്ലങ്ങൾ വർദ്ധിച്ചു
നീർപക്ഷികളുടെ താവളമായ കൊറ്റില്ലങ്ങൾ മുൻവർഷങ്ങളേക്കാൾ വർദ്ധിച്ചെന്നാണ് കണക്ക്. നഗരത്തിൽ തണൽ മരങ്ങളുടെ എണ്ണം കൂടിയതാണ് കാരണം. നാഗമ്പടത്തെ കൊറ്റില്ലങ്ങളോട് ചേർന്ന് മീനച്ചിലാർ ഒഴുകുന്നതും അനുകൂലമായി.
കണ്ടെത്തിയ പക്ഷികൾ
ചിന്നകൂട്ടുറുവാൻ നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തിൽ ഏറ്റവും അധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരക്കോഴി. നീലക്കോഴി, എന്നിവയേയും നഗരങ്ങളിൽ വിരളമായി കണ്ടുവരുന്ന കായലാറ്റ, ചുവന്ന നെല്ലിക്കോഴിയേയും കണ്ടെത്താനായി.