
കോട്ടയം : കനത്ത ചൂടിലും മാനംമുട്ടെ പറക്കുന്ന കോഴി വില എന്നാണ് താഴേയ്ക്ക് ഇറങ്ങുകയെന്ന് നോക്കി നിൽക്കുകയാണ് ഭക്ഷണപ്രിയർ. സാധാരണ ചൂടുകാലത്ത് കോഴി വില കുറയേണ്ടതാണെങ്കിലും രണ്ട് മാസമായി 150 ന് മുകളിലാണ് വില. നാടൻ ഫാമുകൾ കുറഞ്ഞതോടെ തമിഴ് ലോബി വിലകുറയ്ക്കാതെ കളിക്കുകയാണ്. ചൂടും എട്ടു നോമ്പ് സീസണുമായപ്പോഴാണ് കോഴി വില 150 ന് മുകളിലേയ്ക്ക് എത്തിയത്. ഈസ്റ്റർ ദിനം 175 വരെയെത്തിയെങ്കിൽ ഇപ്പോൾ 155 - 160 രൂപയാണ് വില. ചങ്ങനാശേരിയിൽ ഉൾപ്പെടെ പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശം വന്നെങ്കിലും കോഴി വില കുറഞ്ഞില്ല. ചൂടിൽ കോഴി വളർത്തൽ പ്രയാസമായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. മാർക്കറ്റ് വിലയേക്കാൾ 10 രൂപ കുറവിൽ വിൽക്കുന്ന കേരളാ ചിക്കൻ ഔട്ട്‌ലെറ്റുകൾ ആവശ്യത്തിന് ഇല്ലാത്തതും തിരിച്ചടിയായി. ഇപ്പോൾ തമിഴ് ലോബി നിശ്ചയിക്കുന്നതാണ് വില.
ചൂടിൽ കർഷകർക്ക് നഷ്ടം
ചൂട് കൂടിയതോടെ നാട്ടിലെ ഫാമുകളിൽ ഭൂരിഭാഗവും അടച്ചു. കോഴിക്കുഞ്ഞുങ്ങൾ ചാകുന്നതും പരിപാലനച്ചെലവ് കൂടിയതുമാണ് കാരണം.
വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ആളു കുറഞ്ഞതും ഹോട്ടൽ തട്ടുകടകളിൽ കച്ചവടം കുറഞ്ഞതും വില കുറയ്‌ക്കേണ്ടതാണെങ്കിലും അതൊന്നും വിപണിയിൽ പ്രതിഫലിക്കുന്നില്ല. മറ്റിനം ഇറച്ചികൾക്കു വില ഉയർന്നു നിൽക്കുന്നതിനാലും ലഭിക്കാനും പാചകം ചെയ്യാനുമുള്ള
എളുപ്പത്തിൽ ഏറ്റവും കൂടുതൽ വാങ്ങുന്നത്.
ഇറച്ചിക്കോഴി വില ഇപ്പോൾ : 155-160 രൂപ
 10 ദിവസം മുൻപ് വില : 170 രൂപ
കഴിഞ്ഞവർഷം ഇതേസമയം : 110 രൂപ
'' അവധിക്കാലമായതിനാൽ കോഴിയിറച്ചിക്ക് ഡിമാൻഡുണ്ട്. ഇതാണ് വില താഴാതെ നിൽക്കാനും കാരണം''
അനീഷ്, വ്യാപാരി