zebra-line

പൊൻകുന്നം: പൊൻകുന്നം ടൗണിലെ ഗതാഗത നിയന്ത്രണങ്ങളെല്ലാം പാളി. ഒന്നിനും അടുക്കും ചിട്ടയുമില്ലാത്ത അവസ്ഥ.

ട്രാഫിക് സ്ഗ്നൽ ലൈറ്റുകൾ തെളിയാതെയായിട്ട് നാളുകളായി. സീബ്രാലൈനുകൾ മാഞ്ഞുപോയതോടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നു. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസുകാരില്ലാതെയും കൂടെ വന്നതോടെ ഗതാഗതവും പാർക്കിംഗുമെല്ലാം തോന്നിയപോലെ.

ദേശീയപാതയും പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന ഏറെത്തിരക്കുള്ള പി.പി.റോഡ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തെളിയാതായിട്ട് മാസങ്ങളായി. ഇതോടെ ഇതുവഴിയെത്തുന്ന ഡ്രൈവർമാർക്ക് ആശയക്കുഴപ്പം ഉണ്ടാവുന്നു. അപകടസാദ്ധ്യതയും ഏറി. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജംഗ്ഷനിലാണ് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ ഉൾപ്പെടെ ടൗണിലെ വിവിധ ഭാഗങ്ങളിലെ സീബ്രാലൈനുകൾ മാഞ്ഞ നിലയിലാണ്. ഇതോടെ റോഡ് മുറിച്ചുകടക്കാൻ ആളുകൾ വെപ്രാളത്തിലാണ്. സീബ്രാലൈനുകൾ മാഞ്ഞതോടെ, ഇവിടെ മുമ്പൊരു സീബ്രാലൈൻ ഉണ്ടായിരുന്നുവെന്ന് അറിയാത്ത ദൂരെദിക്കിൽ നിന്നുള്ള ഡ്രൈവർമാർ വാഹനവുമായി പാഞ്ഞെത്തുന്നത് കാൽനടയാത്രക്കാരെ ഭയപ്പെടുത്തുന്നു. സീബ്രാലൈനുകൾ മാഞ്ഞുപോയിട്ടും നാളുകളേറെ ആയെങ്കിലും പുതിയ ലൈൻ വരയ്ക്കുവാൻ അധികാരികൾ തയാറാകുന്നില്ല. യാതൊരു

നിയന്ത്രണങ്ങളും ഇല്ലാതെ വന്നതോടെ വാഹനങ്ങൾ തോന്നിയതുപോലെയാണ് കടന്നുപോകുന്നത്. രാവിലെ പത്ത് വരെയും വൈകുന്നേരം നാലുമണിക്ക് ശേഷവും തിരക്കും ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. ഈ സമയത്തെങ്കിലും പ്രധാന ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസുകാരെ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പൊൻകുന്നം ടൗണിൽ അപകടങ്ങൾ പലപ്പോഴും തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്. ശബരിമല സീസണിലും മറ്റും അന്യനാടുകളിൽനിന്നെത്തുന്ന അപരിചിതരായ ഡ്രൈവർമാർ അപകടത്തിൽപെടുന്നതും പതിവായിരുന്നു. പി.പി.റോഡ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് പ്രകാശിപ്പിക്കാത്തത് ഡ്രൈവർമാർക്ക് വലിയ തലവേദനയായിട്ടുണ്ട്.

വിവിധ സംഘടനകളും നാട്ടുകാരും വ്യാപാരികളുമടക്കം അധികൃതർക്ക് നിരന്തരം പരാതി നൽകിയിട്ടും സിഗ്നൽലൈറ്റുകൾ തെളിയിക്കാൻ നടപടി ഉണ്ടാകുന്നില്ലായെന്നത് ഞെട്ടിക്കുന്നതാണ്.