
വൈക്കം: എങ്ങനെ ആ ദിനം മറക്കും. അരനൂറ്റാണ്ട് പിന്നിടുന്ന കരടിപ്പാറ ബസ് ദുരന്തം അത്രമേൽ മനസിനെ മുറിവേൽപ്പിച്ചു. 33 പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി ഒരു ഓർമ്മ മരവും ഡ്രൈവർ ദാമോദരനും കാതങ്ങൾക്കിപ്പുറം ഇവിടെ വടയാറിലുണ്ട്. 1974 ഏപ്രിൽ 29 നായിരുന്നു കരടിപ്പാറ ബസ് അപകടം. വൈക്കത്ത് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന തലയോലപ്പറമ്പ് കരീത്തറയിൽ ദാമോദരന് ഏപ്രിൽ മാസം ആദ്യമാണ് കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിൽ ഡ്രൈവറായി നിയമനം ലഭിക്കുന്നത്. എറണാകുളത്ത് നിന്നും ദേവികുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറിലായിരുന്നു ഡ്യൂട്ടി. അപകടദിവസം രാവിലെ 7.30ന് നിറയെ യാത്രക്കാരുമായി മൂന്നാറിൽ നിന്ന് പുറപ്പെട്ട ബസ് പള്ളിവാസൽ പവർഹൗസിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ കരടിപ്പാറ വളവിൽ 2000 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സീറ്റിനും സ്റ്റിയറിംഗിനുമിടയിൽ കുരുങ്ങിയ ദാമോദരൻ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. കണ്ടക്ടർ വടശ്ശേരിക്കര സാമുവലും മരിച്ചവരിൽ ഉൾപ്പെടുന്നു. ബസിൽ നിന്ന് തെറിച്ചുവീണ് അത്ഭുതകരമായി രക്ഷപ്പെട്ട ഒന്നരവയസുകാരി ലിന്റ ഇന്ന് അഭിഭാഷകയാണ്. അപകടത്തെ തുടർന്ന് ജോലി രാജിവച്ചു. പിന്നീട് ആരോഗ്യവകുപ്പിൽ ഡ്രൈവറായി ജോലി ചെയ്തു. 79കാരനായ ദാമോദരൻ നിലവിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ട്.
'മരിച്ചു' ജീവിച്ച ദാമോദരന്റെ ഓർമ്മ മരം
ദാമോദരനും മരിച്ചെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ദാമോദരന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ വടയാർ ഇളങ്കാവ് ക്ഷേത്രത്തിന് സമീപം അന്ന് ഒരു വൃക്ഷത്തൈ നട്ടു. ദാമോദരൻ ജീവനോടെ തിരിച്ചുവന്നിട്ടും ആ മരം ആരും പിഴുത് കളഞ്ഞില്ല. ഇന്ന് ബസ് കാത്തുനിൽക്കുന്നവർക്കും നാട്ടുകാർക്കും തണൽ പകരുകയാണ് ആ ഓർമ്മ മരം.