ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കുമരങ്കരി പ്രദേശത്തിന് പത്തു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കോഴി, താറാവ് തുടങ്ങിയ പക്ഷികളെയും അവയുടെ വിസർജ്യങ്ങളും അവശിഷ്ടങ്ങളും ഈ ഭാഗത്തുനിന്നു കടത്തിക്കൊണ്ടുപോകാനും ഇവിടേക്കു കൊണ്ടുവരുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ പക്ഷികളുടെ സിറത്തിന്റെ സാമ്പിളിന്റെ ആന്റിജൻ പരിശോധന തിരുവല്ല മഞ്ഞാടിയിലെ ലാബിൽ രണ്ടാഴ്ചക്കിടയിൽ നാലുപ്രാവശ്യം നടത്തും. ആന്റിജൻ പരിശോധന പോസിറ്റീവാണെങ്കിൽ സാംപിൾ ഭോപ്പാലിലെ ലാബിലേക്ക് അയയ്ക്കാനുമാണ് തീരുമാനം. പക്ഷിപ്പനി ബാധയെത്തുടർന്ന് വാഴപ്പള്ളി പഞ്ചായത്തിലെ ഇരുപതാംവാർഡിൽപ്പെട്ട കുമരങ്കരിയിൽ ആറായിരത്തോളം താറാവുകൾ ചത്തൊടുങ്ങിയിരുന്നു. കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവ്പ്രകാരം ഞായറാഴ്ച ബാക്കിയുള്ള 8,561 താറാവുകളെ ദ്രുതകർമസേന കൊന്നൊടുക്കി കുഴിച്ചുമൂടിയിരുന്നു. ഓടോറ്റി തെക്കു പാടശേഖരത്തിൽ കൊയ്ത്തിനുശേഷം നെടുമുടി സ്വദേശിയായ ആൾ തീറ്റുന്നതിനായി എത്തിച്ച 45ദിവസം പ്രായമായ താറാവുകൾക്കാണ് പക്ഷിപ്പനിബാധയേറ്റത്. രോഗബാധയെത്തുടർന്ന് കഴിഞ്ഞ 18 മുതൽ താറാവുകൾ ചത്തുവീണിരുന്നു. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആളുകളിലേക്കു രോഗം പടരാതിരിക്കാൻ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. ഇതേസമയം പക്ഷിപ്പനിബാധയെത്തുടർന്ന് താറാവുകൾ ചത്ത കർഷകന് നാലു ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ഇയാൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.