crime

ചെന്നൈ: കൂട്ടുകാരുമായി നിരന്തരം വീഡിയോ കോളിൽ സംസാരിച്ചതിന് യുവാവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലായിരുന്നു സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് ഭാര്യ രേവതിയുടെ വലതുകൈ വെട്ടിയത്. സുഹൃത്തുമായി ഫോണിൽ സംസാരിച്ചുനിൽക്കുന്നതിനിടെയായിരുന്നു സംഭവം. കൈ പൂർണമായി വേർപെട്ടില്ല. രേവതി ചികിത്സയിലാണ്. സംഭവത്തിനുശേഷം ശേഖർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഭാര്യയ്ക്ക് മറ്റൊരാളുമായി വഴിവിട്ട ബന്ധം ഉണ്ടാേ എന്ന് കുറച്ചുനാളായി സംശയമുണ്ടായിരുന്നു എന്നാണ് ശേഖർ പൊലീസിനോട് പറഞ്ഞത്. സ്ഥിരമായി വീഡിയോകോൾ വിളിക്കുന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യത്തെച്ചൊല്ലി ഇവർ വഴക്കിടുകയും വീഡിയോ കാേൾ ചെയ്യരുതെന്ന് ഭാര്യയെ ശേഖർ വിലക്കുകയും ചെയ്തു. എന്നാൽ രേവതി ഫോൺവിളി തുടർന്നു. ശേഖർ സ്ഥലത്തില്ലാത്തപ്പോഴായിരുന്നു കൂടുതലും. ഇക്കാര്യത്തെച്ചൊല്ലി ഇവർ വീണ്ടും വഴക്കായി.

സംഭവദിവസം രേവതി ആരെയോ വീഡിയോകോൾ ചെയ്യുന്നത് കണ്ടുകൊണ്ടാണ് ശേഖർ എത്തിയത്. ശേഖറിനെ കണ്ടെങ്കിലും കോൾ കട്ടുചെയ്യാൻ മുതിർന്നില്ല. ഇതോടെ കലികയറി ശേഖർ അരിവാളെടുത്ത് ഭാര്യയെ വെട്ടുകയായിരുന്നു. നിലവിളികേട്ട് എത്തിയ അയൽവാസികളാണ് രേവതിയെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തുനിന്ന് കടന്ന ശേഖർ നേരേ സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.

കൈ പൂർണമായും വേർപെട്ടിട്ടില്ലെങ്കിലും രേവതിയുടെ പരിക്ക് ഗുരുതരമാണ്. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈ തുന്നിച്ചേർക്കാനായോ എന്ന് വ്യക്തമല്ല.