arrested

കൽപ്പറ്റ: മാരക മയക്കുമരുന്നായ എൽഎസ്‌ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ. മുംബയ് വസന്ത് ഗാർഡൻ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്. സുൽത്താൻ ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.

.06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പിൽ മൂന്നെണ്ണം ഉൾക്കൊള്ളുന്ന എൽഎസ്‌ഡി സ്റ്റാമ്പാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയിൽ പൊലീസ് ഓട്ട്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മെെസൂർ ഭാഗത്ത് നിന്നും കാറിൽ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു.

സംസ്ഥാനത്തിലേക്ക് പല രീതിയിൽ ലഹരി മരുന്ന് കടത്താൻ ശ്രമം നടക്കുന്നുണ്ട്. അടുത്തിടെ ഡാർക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയവ‌ർ കൊച്ചിയിൽ പിടിയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെയാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ജർമനിയിൽ നിന്നെത്തിയ പാഴ്‌സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വൻ ലഹരിവേട്ടയ്ക്ക് വഴിയൊരുക്കിയത്.

ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൺ ഷാജി, കെ പി അമ്പാടി, സി ആർ അക്ഷയ്, അനന്തകൃഷ്‌‌ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജർമനിയിൽ നിന്ന് പാഴ്‌സൽ വഴി എത്തിയത് പത്ത് എൽ എസ് ഡ‌ി സ്റ്റാമ്പുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽ എസ് ഡി സ്റ്റാമ്പു‌കൾ, എട്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തിരുന്നു. പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് നാർകോട്ടിക്‌സ് ബ്യൂറോ വ്യക്തമാക്കി.