
കൊച്ചി: അടിപിടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടത്തായിരുന്നു സംഭവം. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തിക്കുത്ത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ച കാര്യമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. രണ്ടുപേർ കസ്റ്റഡിയിൽ ഉണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
സുഹൃത്തുക്കളുടെ മരണത്തിൽ അന്വേഷണം
നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. നെടുമങ്ങാട് മണക്കോട് സ്വദേശി വിജീഷ് (26), വർക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർകോട് തെള്ളിക്കുഴിയിൽ അടുത്തടുള്ള പറങ്കിമാവുകളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും സുഹൃത്തുകളാണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല. ഇവർ എങ്ങനെയാണ് സൗഹൃദത്തിലായതെന്നത് സംബന്ധിച്ചും ബന്ധുക്കൾ അറിവില്ലെന്നാണ് റിപ്പോർട്ട്. ജെസിബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടുമുതൽ ഇയാളെ കാണാനില്ലായിരുന്നു.