
ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമായി തുടർച്ചയായ ഏഴാംതവണയുംയു.എൻ തിരഞ്ഞെടുത്ത ഫിൻലന്റിലെ ജനതയുടെ ഈ സന്തോഷത്തിന്
രഹസ്യമെന്ത്? സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ നമുക്കുള്ളത് 126-ാം സ്ഥാനം!
സന്തോഷം തേടി നടക്കുന്നവരാണ് എല്ലാവരും. സൗഹൃദങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ, വിനോദങ്ങൾ.... അങ്ങനെ ഓരോരുത്തരും സന്തോഷത്തിന് ഓരോ വഴി തേടും. എന്നാൽ എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശീലിച്ച ഫിൻലന്റുകാരെത്തേടി തുടർച്ചയായ ഏഴാം തവണയും സന്തുഷ്ട രാജ്യമെന്ന ബഹുമതി വന്നിരിക്കുന്നു. യൂറോപ്യൻ രാജ്യമാണ് ഫിൻലന്റ്. യു.എൻ സ്പോൺസർഷിപ്പിൽ 143 രാജ്യങ്ങളിലായി നടത്തിയ വേൾഡ് ഹാപ്പിനെസ് സർവേയിലൂടെയാണ് ഈ തിരഞ്ഞെടുപ്പു നടന്നത്.
അഫ്ഗാനിസ്ഥാനാണ് സന്തുഷ്ടരുടെ പട്ടിയിൽ ഏറ്റവും പിന്നിൽ. ലെബനൻ അഫ്ഗാനിസ്ഥാന് തൊട്ടുമുന്നിൽ. പാകിസ്ഥാൻ 108-ാം സ്ഥാനത്തെത്തിയപ്പോൾ, നമുക്കു കിട്ടിയത് 126-ാം റാങ്ക്! പന്ത്രണ്ടു വർഷത്തിനിടെ ആദ്യമായി യു.എസിന് ആദ്യ ഇരുപതിൽ ഇടം നേടാനായില്ല. 23-ാം സ്ഥാനത്താണ് യു.എസ്. ഡെന്മാർക്ക് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഐസ്ലന്റ്, സ്വീഡൻ, ഇസ്രയേൽ, നെതർലന്റ്സ്, നോർവെ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ എന്നിവയാണ് ആദ്യ പത്തിലിടം നേടിയ രാജ്യങ്ങൾ.
ലോകശക്തികൾ
കൊതിക്കും

ലോക ശക്തികളായ അമേരിക്കയും ചൈനയും അടക്കം കൊതിക്കുന്ന രാജ്യമാണ് ഫിൻലന്റ്. അതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിടത്തെ പ്രത്യേകത. അമൂല്യമായ പ്രകൃതി സമ്പത്ത് വരും തലമുറയ്ക്കായി ഫിൻലന്റുകാർ കാത്തുസൂക്ഷിക്കുന്നു. വനപ്രദേശങ്ങളും തടാകങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം അവയുടെ സ്വാഭാവികതയോടെ തന്നെ പരിപാലിക്കുന്നു. പ്രകൃതിയോടിണങ്ങിയാണ് ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്. അതേസമയം, ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് ഫിൻന്റുകാരുടെ തന്ത്രം!
കുറ്റകൃത്യങ്ങൾ, അക്രമം എന്നിവ കുറവുള്ള രാജ്യമാണ് ഫിൻലന്റ് അതുകൊണ്ടുതന്നെ, ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഫിൻലന്റിന്റെ സ്ഥാനം. പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്ന ഭരണ സംവിധാനം, അഴിമതി തീരെ കുറവ്, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം, യൂണിവേഴ്സിറ്റി തലംവരെ സൗജന്യ വിദ്യാഭ്യാസം, തൊഴിൽരഹിതർക്കായി നിരവധി ശാക്തീകരണ പരിപാടികൾ, മികച്ച പൊതുജനാരോഗ്യ സംവിധാനം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് രാജ്യത്തിന്റെ സന്തുഷ്ടിക്കായി അധികൃതർ ആവിക്ഷ്കരിച്ചിരിക്കുന്നു. രാജ്യത്ത് പഠിക്കുന്ന, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും സൗജന്യ പഠനവും നൽകുന്നു.
താരതമ്യമില്ലാത്ത
സന്തോഷം

ഫിന്നിഷ് ജനതയുടെ ജീവിതരീതിയും സംസ്കാരവും തീർത്തും വ്യത്യസ്തമാണ്. പരസ്പരം താരതമ്യം ചെയ്യുന്ന ശീലം ഇവർക്കില്ല. താരതമ്യം ചെയ്യുന്നത് നിറുത്തിയാൽ സന്തോഷം താനേ വരുമെന്നാണ് ഇവർ പറയുന്നത്. ലളിത ജീവിതമാണ് ഇവരുടെ മറ്റൊരു മുഖമുദ്ര. ജീവിതരീതിയിൽ പണക്കാരും പാവപ്പെട്ടവരും തമ്മിൽ ഒരു അന്തരവുമില്ല. ആർഭാടങ്ങളോട് ഒട്ടും താത്പര്യമില്ല. ഏത്ര വലിയ കോടീശ്വനായാലും പഴയ വാഹനവും പഴയ വീടുകളും തന്നെ ഉപയോഗിക്കും!
കുട്ടികളുടെ വളർച്ചയിൽ ഇവിടെ പിതാക്കന്മാർക്കുള്ള പങ്ക് വളരെ വലുതാണ്. അതുക്കൊണ്ട് പുരുഷന്മാർക്ക് ഒൻപതാഴ്ച വരെ പിതൃത്വ ലീവിന് ഇവിടെ അനുവാദമുണ്ട്. ഈ സമയത്ത് അവർക്ക് ശമ്പളത്തിന്റെ 70 ശതമാനം ലഭിക്കും. അമ്മമാർക്കാകട്ടെ, നാലു മാസമാണ് അവധി. അതേസമയം, ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രാതിനിദ്ധ്യം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഫിൻലന്റ്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം.
ആകാശ
ദീപക്കാഴ്ച

ലോകത്തെ ഏറ്റവും ശക്തമായ അഞ്ച് പാസ്പോർട്ടുകളിൽ ഒന്നാണ് ഫിൻലന്റിന്റേത്. ഈ പാസ്പോർട്ട് ഉള്ളവർക്ക് 175 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം. ജനസാന്ദ്രത കുറഞ്ഞ യൂറോപ്യൻ രാജ്യമെന്ന നിലയ്ക്ക് ഷെങ്കൻ വിസയുണ്ടെങ്കിലേ ഇവിടേക്ക് യാത്ര ചെയ്യാൻ സാധിക്കൂ. എന്നാൽ ഫിൻലന്റിലേക്ക് കുടിയേറ്റവും വിസയും അത്ര എളുപ്പമല്ല. ഫിന്നിഷ് ഭാഷ അറിയാതെ ജോലി ലഭിക്കുകയുമില്ല. ഇനി അഥവാ ജോലി കിട്ടിയാലോ, മാസം ഏറ്റവും കുറഞ്ഞത് അമ്പതിനായിരം രൂപയെങ്കിലും ചെലവിന് വേണ്ടിവരും. നല്ല ശമ്പളം നൽകുന്ന രാജ്യമായതിനാൽ ഒരിക്കൽ ജോലിയിൽ കയറിപ്പറ്റിയാൽ ജീവിതം ഈസി.
ഫിൻലന്റിലേക്ക് യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ വേനലാണോ ശീതകാലമാണോ എന്നു നോക്കണം. ശൈത്യകാലത്ത് മൈനസ് 20 ഡിഗ്രി വരെയും വേനലിൽ 21 ഡിഗ്രി സെൽഷ്യസും വരെയാണ് ഊഷ്മാവ്. വേനൽക്കാലത്ത് മൂന്നു മുതൽ നാലുമാസം വരെ സൂര്യൻ അസ്തമിക്കുകയില്ല. തണുപ്പു തുടങ്ങുമ്പോൾ രണ്ടു മൂന്നു മാസം സൂര്യനെ കാണുകയുമില്ല. സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്, രാത്രിയിൽ ആകാശത്ത് ചുവപ്പും നീലയും പച്ചയും നിറങ്ങൾ മാറി മാറി തെളിയുന്ന അദ്ഭുത പ്രതിഭാസം. ഇതു കാണാൻ വേണ്ടി മാത്രം ഇവിടേക്ക് നിരവധി ആളുകൾ എത്തുന്നു. ഇങ്ങനെയൊരു പ്രതിഭാസം രൂപപ്പെടുന്നത് കൊണ്ട് നോർത്തേൺ ലൈറ്റ്സിന്റെ രാജ്യമെന്നും ഫിൻലന്റ് അറിയപ്പെടുന്നു.