
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടികളിലും മറ്റും റെഡ് കാർപറ്റുകൾ (ചുവന്ന പരവതാനി) ഒഴിവാക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ.
ഇനി മുതൽ മറ്റ് രാഷ്ട്രത്തലവൻമാരോ വിദേശ നയതന്ത്ര പ്രതിനിധികളോ പങ്കെടുക്കുന്ന പരിപാടികളിൽ മാത്രം റെഡ് കാർപറ്റുകൾ ഉപയോഗിച്ചാൽ മതിയെന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിർദ്ദേശം.
പരമാവധി ചെലവ് ചുരുക്കി ഖജനാവിലെ പണം ലാഭിക്കാനാണ് പാക് സർക്കാരിന്റെ ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ശമ്പളവും അനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ ഷെഹ്ബാസ് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.