
ഡമാസ്കസ്: വടക്കൻ സിറിയയിലെ മാർക്കറ്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി തുർക്കിയെ അതിർത്തിയോട് ചേർന്ന അലെപ്പോ പ്രവിശ്യയിലെ അസാസ് പട്ടണത്തിലാണ് സംഭവം. കടകൾക്കും വീടുകൾക്കും നാശനഷ്ടമുണ്ട്. റംസാൻ മാസമായതിനാൽ മാർക്കറ്റിൽ നിരവധി പേർ എത്തിയിരുന്നു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സിറിയൻ പ്രസിഡന്റ് ബാഷർ അൽ - അസദിന് എതിരായിട്ടുള്ള തുർക്കിയെ അനുകൂല ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് അസാസ് പട്ടണം. അസാസ് അടക്കം സിറിയയുടെ വടക്ക് - പടിഞ്ഞാറൻ അതിർത്തി മേഖലകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങൾ ഉയരുന്നതായാണ് കണക്ക്. 2017ൽ അസാസിൽ ഐസിസ് ഭീകര സംഘടന നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ 40ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.