
റോം : ആയുധങ്ങൾ കൊണ്ട് സമാധാനം നേടാനാവില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഈസ്റ്റർ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നീട്ടിയ കരങ്ങളാലും തുറന്ന ഹൃദയം കൊണ്ടും സമാധാനം കൈവരിക്കണമെന്നും ഗാസയിലെയും യുക്രെയിനിലെയും വെടിനിറുത്തലിന് ആഹ്വാനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കാനും ഗാസയിൽ ഉടനടി വെടിനിറുത്തലിനും ആവശ്യപ്പെടുന്നു. എത്രമാത്രം വേദനയാണ് അവിടുത്തെ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ കാണാനാവുക. എന്തിന് വേണ്ടിയാണ് ഈ നാശമെന്ന് ആ കണ്ണുകൾ നമ്മോട് ചോദിക്കുന്നു.
ഗാസയിലെ കുഞ്ഞുങ്ങൾക്ക് അവരുടെ ചിരികൾ നഷ്ടമായിരിക്കുന്നു. യുദ്ധം എപ്പോഴും ഒരു പരാജയമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങൾ മാനിച്ചുകൊണ്ട് റഷ്യയും യുക്രെയിനും തമ്മിൽ എല്ലാ യുദ്ധതടവുകാരെയും പരസ്പരം കൈമാറ്റം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഉയിർപ്പ് പ്രാർത്ഥനകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് വീൽചെയറിലാണ് അദ്ദേഹം എത്തിയത്. നേരത്തെ ദുഃഖവെള്ളി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയിരുന്നെങ്കിലും റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴിയിൽ നിന്ന് വിട്ടുനിന്നിരുന്നു.