
ബീജിംഗ്: ചൈനീസ് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ഫു സെയ് എന്ന നായ. കോർഗി ഇനത്തിലെ ഈ സുന്ദരൻ നായക്കുട്ടൻ ഒരു പൊലീസ് ഓഫീസറാണ്.! അടുത്തിടെയാണ് കിഴക്കൻ ചൈനയിലെ ഷാൻഡോങ്ങിലുള്ള വെയ്ഫാംഗിൽ നിന്ന് പരിശീലനം പൂർത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത്. ഇതാദ്യമായാണ് കോർഗി ഇനത്തിലെ നായയെ ചൈനീസ് പൊലീസിൽ ഉൾപ്പെടുത്തുന്നത്. ചെറിയ കാലുകളുടെ പേരിലാണ് ഇവയെ പൊലീസിൽ നിന്ന് അകറ്റിനിറുത്തിയിരുന്നത്. പരിമിതികളെ മറികടന്ന് ചരിത്രം കുറിച്ച ഫു സെയ്ക്ക് വെറും ആറ് മാസമാണ് പ്രായം. സ്ഫോടക വസ്തുക്കൾ മണത്ത് കണ്ടെത്താൻ മിടുക്കനാണ്. ഫു സെയ്ക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് പരിശീലനങ്ങൾ ആരംഭിച്ചത്. വിവിധ തരത്തിലെ വ്യായാമ മുറകളും വശമുണ്ട്. വലിപ്പം കുറവായതിനാൽ വാഹനങ്ങൾക്ക് ഇടയിലും ഇടുങ്ങിയ സ്ഥലങ്ങളിലുമുള്ള തെരച്ചിലുകൾക്ക് ഫു സെയ് പൊലീസിന് വഴികാട്ടിയാകും. സേനയുടെ ഭാഗമായെങ്കിലും ഏതാനും ചില പരിശീലനങ്ങൾ കൂടി കഴിഞ്ഞ ശേഷമേ ഫു സെയുടെ ഓദ്യോഗിക ഡ്യൂട്ടി ആരംഭിക്കുകയുള്ളൂ. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഫു സെയുടെ വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്.