
കീറ്റോ: തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ അഞ്ച് ടൂറിസ്റ്റുകളെ മയക്കുമരുന്ന് മാഫിയ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശത്രു സംഘത്തിലെ അംഗങ്ങളെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച തെക്കൻ ഇക്വഡോറിലെ അയാംപെ പട്ടണത്തിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം.
ഹോട്ടലിലേക്ക് ഇരച്ചുകയറിയ 20 ഓളം മാഫിയ അംഗങ്ങൾ ആറ് പേരെയും ഒരു കുട്ടിയേയും തട്ടിക്കൊണ്ടുപോയി. ഇവരെല്ലാം ഇക്വഡോർ പൗരന്മാരാണെന്ന് പ്രാദേശിക പൊലീസ് വിഭാഗം മേധാവി റിച്ചാർഡ് വാക്ക പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ റോഡരികിൽ കണ്ടെത്തുകയായിരുന്നു.
തട്ടിക്കൊണ്ടുപോയവരിൽ മറ്റൊരാൾക്കും കുട്ടിക്കും എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അടുത്തിടെയായി ഇക്വഡോറിൽ മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ കുറ്റകൃത്യങ്ങൾ കുതിച്ചുയരുകയാണ്.
ഈ വർഷം ആദ്യം മുതൽ രാജ്യത്ത് ക്രിമിനൽ സംഘങ്ങളും സർക്കാരുമായി സംഘർഷങ്ങൾ തുടരുകയാണ്. അഡോൾഫോ മാഷ്യാസ് അഥവാ ' ഫീറ്റോ ' എന്ന കുപ്രസിദ്ധ മാഫിയ തലവൻ ഗ്വായകിൽ നഗരത്തിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ മാഫിയ സംഘങ്ങൾ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു.
തെരുവുകളിൽ ബോംബ് സ്ഫോടനമുണ്ടായി. ജയിലുകളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ പ്രസിഡന്റ് ഡാനിയൽ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പൊലീസ് ഓഫീസർമാർ അടക്കം 20ഓളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
ജനപ്രതിനിധികൾക്കും രക്ഷയില്ല
ഇക്വഡോറിൽ ജനപ്രതിനിധികൾക്ക് നേരെയുള്ള ആക്രമണങ്ങളും പെരുകുകയാണ്. കഴിഞ്ഞാഴ്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ബ്രിജിറ്റ് ഗാർഷ്യയെ ( 27 ) അജ്ഞാതർ വെടിവച്ചു കൊന്നു. ഫെബ്രുവരിയിൽ ഗ്വായാസ് പ്രവിശ്യയിലെ നരൻഹാലിൽ നിന്നുള്ള കൗൺസിലറായ ഡയാന കാർനെറോയെ (29) പട്ടാപ്പകൽ ആക്രമി സംഘം വെടിവച്ചു കൊന്നിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഫെർനാൻഡോ വില്ലാവിസെൻഷ്യോയെ (59) ക്രിമിനൽ സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. മാന്റാ നഗരത്തിലെ മേയറും പോർട്ടോ ലോപ്പസ് നഗരത്തിലെ മേയർ സ്ഥാനാർത്ഥിയും കഴിഞ്ഞ വർഷം ക്രിമിനൽ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
കുതിച്ചുയർന്ന് കൊലപാതക നിരക്ക്
2018 - 1,00,000ത്തിൽ 6 പേർ വീതം
2023 - 1,00,000ത്തിൽ 46 പേർ വീതം
ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന ലാറ്റിനമേരിക്കൻ / കരീബിയൻ രാജ്യങ്ങൾ
1 ജമൈക്ക
2 ഇക്വഡോർ
3 ഹെയ്തി
4 ട്രിനിഡാഡ് ആൻഡ് ടൊബാഗോ
5 ഹോണ്ടുറാസ്
6 വെനസ്വേല
7 കൊളംബിയ
8 മെക്സിക്കോ