
ബൊഗോട്ട: മാമ്പഴം ഇഷ്ടമല്ലാത്തവരുണ്ടോ ? സാദ്ധ്യത കുറവാണ്. ലോകത്തിന്റെ ഏത് കോണിലും മാമ്പഴത്തിന് ആരാധകരേറെയാണ്. മാമ്പഴത്തിന്റെ ഫ്ലേവറിലെ ഐസ്ക്രീമും പാനിയങ്ങളും വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നവയാണ്.
അൽഫോൺസോ അടക്കം രുചിയിലും ഗുണത്തിലും മുന്നിലുള്ള മാമ്പഴ ഇനങ്ങളെ പറ്റി പലർക്കും അറിയാം. എന്നാൽ ലോകത്തെ ഏറ്റവും ഭാരം കൂടിയ മാമ്പഴം ഏതാണെന്ന് അറിയാമോ ? കൊളംബിയൻ കർഷകരായ ജെർമാൻ ഒർലാൻഡോ നോവൊവ ബെരേരയും റെയ്ന മരിയ മറോകീനും അവരുടെ ഫാമിൽ വളർത്തിയെടുത്ത മാമ്പഴമാണ് ഭാരത്തിന്റെ പേരിൽ ഗിന്നസ് ലോക റെക്കോഡിൽ ഇടംനേടിയ വി.ഐ.പി.
ഗ്വയാറ്റ പട്ടണത്തിലുള്ള സാൻ മാർട്ടിൻ ഫാമിൽ 2020 ജൂലായിലാണ് 4.25 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ മാമ്പഴം വിളവെടുത്തത്. വളരെ യാദൃശ്ചികമായി പാകമായ ഭീമൻ മാമ്പഴത്തെ എന്തു ചെയ്യണമെന്ന് ജെർമാനും റെയ്നയ്ക്കും ധാരണയില്ലായിരുന്നു. ജെർമാന്റെ മകളാണ് ഗിന്നസ് അധികൃതരെ സമീപിക്കാൻ നിർദ്ദേശിച്ചത്.
2009ൽ ഫിലിപ്പീൻസിലെ ഒരു കർഷകന്റെ ഫാമിലുണ്ടായ 3.435 കിലോഗ്രാം മാമ്പഴത്തിന്റെ റെക്കോഡാണ് കൊളംബിയൻ മാമ്പഴം തകർത്തത്. മാമ്പഴം ഏറെ രുചികരമായിരുന്നെന്നും മാമ്പഴത്തിന്റെ ചരിത്രനേട്ടത്തിന്റെ സ്മരണയ്ക്കായി അതേ വലിപ്പത്തിലുള്ള ഒരു മോഡൽ ഗ്വയാറ്റ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയിരുന്നതായും ജെർമാൻ പറയുന്നു.