cpm

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ കുരുക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ‌ഡി). സിപിഎമ്മിന്റെ 'രഹസ്യ' അക്കൗണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറി. ധനമന്ത്രാലയത്തിലും ആർബിഐക്കും ഈ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ട്. സഹകരണ - ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണ് ഇഡി കണ്ടെത്തൽ.

ഈ അക്കൗണ്ടുകളിലൂടെ ബെനാമി വായ്‌പകൾക്കുള്ള പണം വിതരണം ചെയ്‌തെന്നും ഇഡിയുടെ റിപ്പോർട്ടിലുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി ഓഫീസിന് ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണ് സിപിഎമ്മിന്റെ പേരിൽ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്.

തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി 25 അക്കൗണ്ടുകളുണ്ടെന്ന് ഇഡി ആരോപിക്കുന്നു. 2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ്‌ പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്‌പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ എസി മൊയ്‌തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്‌പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നാലുപേർ അറസ്റ്റിലായെന്നും ഇഡി വ്യക്തമാക്കി. ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത യഥാർത്ഥ രേഖകൾ നൽകാൻ വിസമ്മതിക്കുന്നതിനെതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി മൂന്നിന് പരിഗണിക്കാൻ മാറ്റിയിരുന്നു.