
തിരുവനന്തപുരം: ലാഭം മാത്രം നോക്കി ഓർഡിനറി സർവീസ് ഉൾപ്പെടെ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നതും പരിഷ്കാരങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നതും കെ.എസ്.ആർ.ടി.സിയിൽ നിന്ന് യാത്രക്കാരെ വീണ്ടും അകറ്റാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 17 ലക്ഷത്തോളംപേർ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടിനെ തുടർന്നാണ് യാത്രക്കാരെ ആകർഷിക്കാൻ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. വീട്ടുപടിക്കൽ ബസ് എത്തുന്ന ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി, തിരുവനന്തപുരം നഗരത്തിൽ കുറഞ്ഞ നിരക്കിൽ ഇ ബസ് സർക്കുലർ സർവീസ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയവയാണ്. ഇതോടെ യാത്രക്കാർ മടങ്ങിയെത്താനും തുടങ്ങിയിരുന്നു. 2023ൽ രജിസ്റ്റർ ചെയ്ത സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു.
തുടർന്ന് ഫീഡർ സർവീസുകളടക്കം ആരംഭിച്ച് പരിഷ്കാരം വിപുലപ്പെടുത്താൻ നീക്കം തുടങ്ങിയപ്പോഴാണ് ഗതാഗത വകുപ്പിലും കെ.എസ്.ആർ.ടി.സി തലപ്പത്തും മാറ്റം വന്നത്. അതോടെ പരിഷ്കാരങ്ങൾ ഒന്നൊന്നായി പിൻവലിച്ചു തുടങ്ങി. ലാഭമല്ലാത്ത റൂട്ടുകളിലടക്കം പ്രതിദിന സർവീസുകൾ കുറച്ചു. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽപോലും സീറ്റ് ലഭിക്കാത്ത അവസ്ഥയായി. ഇതോടെ കാത്തുനിന്ന് മുഷിഞ്ഞ യാത്രക്കാർ വീണ്ടും സ്വകാര്യ സർവീസുകളെ ആശ്രയിച്ചു തുടങ്ങി. ഇന്ധനവില കത്തിനിൽക്കുകയാണെങ്കിൽ പോലും സമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ സ്കൂട്ടറിനേയും കാറിനെയുമൊക്കെയാണ് ഇന്ന് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഇത് കെ.എസ്.ആർ.ടി.സിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
കൊഴിഞ്ഞത് 65 ലക്ഷം യാത്രക്കാർ
പൊതുഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാരിൽ 65 ലക്ഷംപേർ കഴിഞ്ഞ 10 വർഷത്തിനിടെ സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയെന്ന റിപ്പോർട്ട് കഴിഞ്ഞ വർഷം ഗതാഗതവകുപ്പ് പരിഗണിച്ചിരുന്നു. 2023ൽ മാത്രം 10 ലക്ഷം യാത്രക്കാരെ നഷ്ടപ്പെടാനിടയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇക്കാര്യം 2023 ഫെബ്രുവരി 20ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കെ.എസ്.ആർ.സിയിൽ പരിഷ്കാരം തുടങ്ങിയത്.
നിലവിലെ സർവീസ് വെട്ടിക്കുറയ്ക്കൽ
1.ഒരു ലക്ഷം കിലോമീറ്റർ പ്രതിദിന സർവീസ് കുറച്ചു.
2.കി.മീറ്ററിന് 28 രൂപ കിട്ടാത്ത ട്രിപ്പുകൾ വേണ്ടെന്ന് നിലപാട്.
3.രാത്രി സർവീസുകൾ പകുതിയിലേറെ കുറച്ചു.
സ്വകാര്യ വാഹനങ്ങൾ, 2023ൽ കുറവ്
(വർഷം, കേരളത്തിൽ പുതിയതായി രജിസ്റ്റർ ചെയ്തവ, വളർച്ച, ദേശീയ വളർച്ച)
2021.............7,65,796, 19.47%, 1.51%
2022............ 7,83,977, 2.37%, 14.09%
2023.............7,58,938, -3.19%, 11.26%