
ലക്‌നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച് 32കാരൻ. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ജ്യോതി (30), പായൽ (ആറ്), ആനന്ദ് (മൂന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാം ലഗാൻ ഗൗതമിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഏഴ് വർഷം മുമ്പാണ് രാം ലഗാനും ജ്യോതിയും വിവാഹിതരായത്. ബിജ്‌നോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരവൺ നഗറിലുള്ള വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. വീട്ടുടമസ്ഥനായ ധീരേന്ദ്രകുമാർ സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് രാം ലഗാൻ താമസിക്കുന്ന വീട്ടിൽ നിന്നും ദുർഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ലഭിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി രാം ലഗാനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
ഭാര്യയ്‌ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് രാം ലഗാൻ പറഞ്ഞു. ജ്യോതി ഫോണിൽ സംസാരിക്കുന്നത് പലതവണ കേട്ടിട്ടുണ്ടെന്നും ഇത് വഴക്കിലേക്ക് നയിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മാർച്ച് 28ന് രാത്രിയും വഴക്കുണ്ടായി, അന്ന് രാത്രിയാണ് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ ശേഷം മൂന്ന് മൃതദേഹങ്ങളോടൊപ്പം അതേ മുറിയിൽ തന്നെയാണ് ഇയാൾ ഉറങ്ങിയത്. അടുത്ത മൂന്ന് ദിവസവും പതിവ് പോലെ രാവിലെ വീട്ടിൽ നിന്നിറങ്ങി രാത്രിയാണ് മടങ്ങിയെത്തിയത്. രാം ലഗാന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിൽ നിന്നുള്ള ദുർഗന്ധവും ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുടമ നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങളടങ്ങിയ ചാക്ക് കണ്ടെത്തിയത്.
ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന സ്ഥലമായതിനാൽ പ്രതിക്ക് മൃതദേഹങ്ങൾ അവിടെ നിന്നും മാറ്റാൻ സാധിച്ചിരുന്നില്ല. കുടുംബം ഹോളി ആഘോഷിക്കാനായി ബന്ധുവീട്ടിൽ പോയി എന്നാണ് രാം ലഗാൻ അയൽക്കാരോട് പറഞ്ഞിരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കേസിൽ തുടരന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.