
ഒരു മദ്ധ്യവയസ്കനും യുവാവായ മകനും കൂടി ഒരു ഉദ്യാനത്തിൽ നടക്കുകയായിരുന്നു. മകൻ ആവേശത്തോടെ അച്ഛനോടു ചോദിച്ചു: 'അച്ഛാ, നോക്കൂ! ഇതല്ലേ റോസാപുഷ്പം?" അച്ഛൻ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും അതിന് മറുപടി പറഞ്ഞു: 'അതെ മോനേ, ഇതാണ് റോസാപ്പൂവ്!" മകന്റെ ചോദ്യം തീർന്നില്ല: 'ഈ റോസാപ്പൂവിന്റെ നിറമാണോ ചുമപ്പെന്നു പറയുന്നത്?" അച്ഛൻ: 'അതേ മകനേ, ഇതാണ് ചുമപ്പുനിറം"
വിശാലമായ പുൽത്തകിടി കണ്ട് യുവാവ് ചോദിച്ചു- 'അച്ഛാ, ഇതാണോ പുല്ല്; ഇതിന്റെ നിറമാണോ പച്ച?" അതെയെന്ന് അച്ഛൻ പറയുകയും, ഇങ്ങനെ ചുറ്റുമുള്ള ഓരോന്നും ചൂണ്ടിക്കാണിച്ച് അവർ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു. കുറച്ചുനേരം ഏകാന്തമായിരിക്കാൻ ആ ഉദ്യാനത്തിലെത്തിയ ഒരാൾ ഇതെല്ലാം കേട്ട് അവിടെ ഇരിപ്പുണ്ടായിരുന്നു. തന്റെ ഏകാന്തത നഷ്ടപ്പെട്ടതിൽ അയാൾക്ക് കലശലായ ദേഷ്യം വന്നു. അയാൾ യുവാവിന്റെ അച്ഛനോടു പറഞ്ഞു: 'ഇത്തിരി മനഃശാന്തി കിട്ടുമല്ലോ എന്നു വിചാരിച്ചാണ് എന്നെപ്പോലുള്ളവർ ഇവിടെ വരുന്നത്. നിങ്ങൾ രണ്ടുപേരും ഒച്ചവയ്ക്കുന്നതു കാരണം എന്റെ ഉള്ള സ്വസ്ഥത കൂടി നഷ്ടമായി. മന്ദബുദ്ധിയായ ഈ കുട്ടി എന്തു വിഡ്ഢിത്തം പറഞ്ഞാലും അതിനെല്ലാം, അതേ മോനെ.... അതേ മോനെ.... എന്നു പറഞ്ഞതുകൊണ്ട് അവന്റെ അസുഖത്തിന് മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല."
ഇതുകേട്ട് ആ അച്ഛനും മകനും കുറച്ചുനേരം നിശബ്ദരായി. പിന്നീട് മനഃസംയമനം വീണ്ടെടുത്ത് അച്ഛൻ പറഞ്ഞു, 'ക്ഷമിക്കണം; എന്റെ മകൻ മന്ദബുദ്ധിയല്ല. അവൻ ജന്മനാ അന്ധനായിരുന്നു. രണ്ടു ദിവസം മുമ്പാണ് അവന്റെ കാഴ്ചശക്തി തിരിച്ചുകിട്ടാനുള്ള ഓപ്പറേഷൻ കഴിഞ്ഞത്. ഓപ്പറേഷൻ കഴിഞ്ഞ് കണ്ണിലെ കെട്ടഴിച്ചതിനു ശേഷം അവനെ കൊണ്ടുപോയി മനോഹരമായ ഒരു സ്ഥലം കാണിക്കാൻ ഞാൻ ആഗ്രഹിച്ചു. അതാണ് ഇവിടെ വന്നത്. ഈ ഉദ്യാനത്തിന്റെ സൗന്ദര്യം ആദ്യമായി കണ്ടപ്പോഴുള്ള സന്തോഷം കാരണം അവൻ ആവേശത്തിൽ പലതും ചോദിച്ചതാണ്.
സന്തോഷംകൊണ്ട് എല്ലാം മറന്ന് ഞാൻ ഉച്ചത്തിൽ മറുപടി പറയുകയും ചെയ്തു. കാണാതെപോയ ഒരു നിധി തിരിച്ചുകിട്ടുമ്പോൾ നമുക്ക് എത്ര മാത്രം സന്തോഷമുണ്ടാകും! പരിസരം പോലും മറക്കും. അതുപോലെ ഞങ്ങളും എല്ലാം മറന്നുപോയി. ഞങ്ങളോടു ക്ഷമിക്കണം."
അതുകേട്ടപ്പോൾ ആ മനുഷ്യന് പശ്ചാത്താപം തോന്നി. ക്രൂരമായ വാക്കുകൾ പറഞ്ഞ് അവരെ വിഷമിപ്പിച്ചതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ഇനി മുൻവിധി വച്ചുകൊണ്ട് താൻ ആരോടും ദേഷ്യപ്പെടുകയില്ലെന്ന് ആ ദിവസം അദ്ദേഹം പ്രതിജ്ഞയെടുത്തു. തന്റെ ദേഷ്യത്തിനു കാരണം തെറ്റിദ്ധാരണയും മുൻവിധിയുമാണെന്നു തിരിച്ചറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ദേഷ്യം സ്നേഹമായി, കാരുണ്യമായി മാറി. മിക്കപ്പോഴും നമ്മൾ അനുചിതമായി അന്യരോട് പെരുമാറാൻ ഇടയാക്കുന്നത് മുൻവിധിയാണ്. മുൻവിധി നമ്മുടെ യാഥാർത്ഥ്യബോധം നഷ്ടമാക്കുന്നു. അത് അനീതിക്കും അധർമ്മത്തിനും കാരണമാകുന്നു. മുൻവിധിയില്ലാതെ സാഹചര്യങ്ങളെ തുറന്നമനസ്സോടെ ക്ഷമാപൂർവ്വം വിലയിരുത്താൻ കഴിഞ്ഞാൽ ഉള്ളിലെ വിവേകത്തെ ഉണർത്താനും ഓരോ സന്ദർഭത്തിലും യഥോചിതം പ്രവർത്തിക്കാനും സാധിക്കും.