narendra-modi

ചെന്നൈ: ആരവമുയർത്തി കമലഹാസൻ മൂന്നാം തവണയും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. മക്കൾ നീതി മയ്യത്തിന്റെ ചിഹ്നം പതിച്ച വാഹനത്തിലാണ് ഉലകനായകൻ വോട്ടു തേടുന്നത്. സ്വന്തം പാർട്ടിക്കു വേണ്ടിയല്ല. ഡി.എം.കെ മുന്നണിക്കു വേണ്ടിയാണ്. ‌ഡി.എം.കെയുമായുള്ള ധാരണ പ്രകാരം അടുത്ത വർഷം കമലഹാസന് രാജ്യസഭാ സീറ്റ് ലഭിക്കും. ഇത്തവണ മുന്നണിയുടെ താരപ്രചാരകന്റെ റോളാണ്. ഈറോഡ് മണ്ഡലത്തിൽ ഡി.എം.കെ സ്ഥാനാർത്ഥി കെ.ഇ.പ്രകാശിനു വേണ്ടിയായിരുന്നു കമലിന്റെ ആദ്യ പരിപാടി.

കർഷകരുടെ പ്രതിഷേധം പിരിച്ചുവിടാൻ അവർ ഡ്രോണുകൾ ഉപയോഗിച്ച് കണ്ണീർ വാതക ഷെല്ലുകൾ എറിയുകയാണ്. ഇപ്പോൾ ശാസ്ത്രം കൃഷിക്കല്ല, കർഷകരെ തുരത്താനാണ് ഉപയോഗിക്കുന്നത്. ഞാൻ കുട്ടിയായിരുന്നപ്പോൾ ഹിന്ദിക്കെതിരെ ഒരു സമരമുണ്ടായിരുന്നു. അതിൽ വിജയിച്ചെന്ന് ഞാൻ കരുതി. നമുക്ക് സ്വന്തമായി ഒരു ഭാഷയുണ്ട്. ഹിന്ദി അറിയണമെങ്കിൽ നമ്മൾ സ്വയം പഠിക്കും. അടിച്ചേൽപ്പിച്ചാൽ വേറെ രീതിയിൽ കൈകാര്യം ചെയ്യുമെന്നും കമൽ പറഞ്ഞു.

stalin-kamal

ദുരന്തസമയത്ത് കേന്ദ്രസർക്കാർ തമിഴ്നാടിന് ഫണ്ട് നൽകിയില്ല. എൻട്രൻസ് പരീക്ഷയുടെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാക്കണോ എന്ന് ജനം തീരുമാനിക്കണം - കേന്ദ്ര സർക്കാരിനെ ഉന്നമിട്ടാണ് കമലിന്റെ പ്രസംഗം മുഴുവൻ. പ്രചാരണത്തിനു മുമ്പ് ഈറോഡിൽ വച്ച് കമൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു

താരപ്രചാരകൻ
2018 ഫെബ്രുവരി 21നാണ് കമലഹാസൻ മക്കൾ നീതി മയ്യം രാഷ്ട്രീയ പാർട്ടി രൂപികരിച്ചത്. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾക്കും എതിരെ സ്ഥാനാർത്ഥികളെ നിറുത്തി. ആരും ജയിച്ചില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ അവതരിപ്പിച്ചു. കോയമ്പത്തൂർ സൗത്തിൽ ജനവിധി തേടിയ കമലഹാസൻ രണ്ടാം സ്ഥാനത്ത് എത്തിയതുമാത്രമാണ് നേട്ടം. തുടർന്ന് പാർട്ടി നേതാക്കളിൽ പലരും വിട്ടുപോയി.